up-

ലക്‌നൗ: വിഷമദ്യദുരന്തത്തിൽ ഉത്തർപ്രദേശിലും ഉത്തരഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 70 ആയി. യു.പി.യിലെ സഹാറൻപൂരിൽ 36 പേരും കുശിനഗറിൽ എട്ടു പേരും ഉത്തരാഖണ്ഡിലെ റൂർക്കി, ഹരിദ്വാർ മേഖലയിൽ 28 പേരുമാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായ പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ് അധികൃതർ പറയുന്നത്.

മദ്യത്തിന് വീര്യം കൂട്ടാൻ രാസവസ്തുക്കൾ ചേർത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഒരേ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച മദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്തത്. സഹാറൻപൂരിൽ നിന്നാണ് വിവിധ ഇടങ്ങളിലേക്ക് മദ്യം വിതരണം ചെയ്തതെന്നാണ് സൂചന. ഉത്തരാഖണ്ഡിൽ എത്തിച്ച മദ്യം കുടിച്ചവർക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. ചികിത്സ നൽകാൻ വൈകിയത് മരണസംഖ്യ ഉയരാൻ കാരണമായെന്നു സഹാറൻപൂർ കളക്ടർ എ.കെ.പാണ്ഡെ പറഞ്ഞു.

ദുരന്തത്തിനു ഉത്തരവാദികളായ മുഴുവൻ‌ പേരെയും ഉടൻ പിടികൂടുമെന്നു സഹാറൻപൂർ ജില്ലാ പൊലീസ് മേധാവി ദിനേഷ് കുമാർ പറഞ്ഞു.

കേസിൽ ഇതുവരെ മുപ്പതോളം പേർ അറസ്റ്റിൽ ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുർന്നു കുശിനഗർ ജില്ലാ എക്സൈസ് ഓഫിസറെയും ജില്ലാ എക്സൈസ് ഇൻസ്പെട്കറെയും യു.പി സർക്കാർ സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ചികിൽസയിലുള്ളവർക്ക് 50,000 രൂപ വീതവും സഹായം അനുവദിച്ചിട്ടുണ്ട്.