ഷില്ലോങ്: കൊൽക്കത്തയിലെ ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് മേധാവി രാജീവ് കുമാറിനെ ഷില്ലോങിൽ ചോദ്യം ചെയ്തു. നിയമോപദേഷ്ടാവ് വിശ്വജിത് ദേവ്, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ജാവേദ് ഷമീം, മുരളീധർ ശർമ്മ എന്നിവർക്കൊപ്പമാണ് ഇന്നലെ രാവിലെ പതിനൊന്നോടെ രാജീവ് കുമാർ അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ വൈകിട്ട് 7.30 വരെ നീണ്ടു. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങൾ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.

എന്നാൽ നിയമോപദേഷ്ടാവിനോടും പൊലീസ് ഉദ്യോഗസ്ഥരോടും മുപ്പതു മിനിട്ടിനുശേഷം പോകാൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നെത്തിയ മൂന്ന് ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥനായ വിവേക് ദത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അതീവ സുരക്ഷയിൽ രാജീവ് കുമാറിനെ ചോദ്യം ചെയ്തത്. എന്നാൽ തുടക്കത്തിൽ ഇവരുമായി സഹകരിക്കാൻ രാജീവ് കുമാർ തയ്യാറായില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ബി.ഐക്ക് മുന്നിൽ ഹാജരാകണമെന്നും വിശ്വസ്തതയോടെ അന്വേഷണവുമായി സഹകരിക്കണമെന്നും ചൊവ്വാഴ്ച സുപ്രീംകോടതി രാജീവ് കുമാറിനോട് ഉത്തരവിട്ടിരുന്നു.രാജീവ് കുമാറിനെ അറസ്റ്ര് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

വിവാദങ്ങൾ ഒഴിവാക്കാനാണ് ചോദ്യം ചെയ്യൽ കോടതി നിർദ്ദേശപ്രകാരം ഷില്ലോങിലേക്ക് മാറ്രിയത്. ശാരദ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയതിനെ തുടർന്നാണ് ബംഗാളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് സംഭവത്തിൽ സുപ്രീം കോടതി ഇടപെട്ടത്.

തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ ആരോപണവിധേയരായ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നിർണായക ഫയലുകൾ കാണാതായിരുന്നു. ഇക്കാര്യമുൾപ്പെടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രാജീവ്‌ കുമാറിൽ നിന്ന് അറിയാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

നാഗേശ്വര റാവുമായി ബന്ധപ്പെട്ട കമ്പനിയിൽ റെയ്ഡ്

സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വർ റാവുവിന്റെ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചെലീന മർക്കന്റയിൽ കമ്പനിയുടെ രണ്ട് ഓഫിസുകളിൽ ഇന്നലെ കൊൽക്കത്ത പൊലീസ് റെയ്ഡ് നടത്തി. കമ്പനിയും നാഗേശ്വർ റാവുവിന്റെ ഭാര്യയും തമ്മിലുള്ള പണമിടപാടുകൾ സംശയാസ്‌പദമാണെന്നു പൊലീസ് പറഞ്ഞു. എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്നാണ് നാഗേശ്വർ റാവുവിന്റെ വിശദീകരണം.