തിരുവനന്തപുരം: കുംഭമാസ പൂജകൾക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ യുവതികൾ ദർശനത്തിനെത്തുമെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് ശബരിമലയിൽ കനത്ത സുരക്ഷാക്രമീകരണം ഏർപ്പെടുത്തി പൊലീസ്. ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്തിന്റെ നേതൃത്വത്തിൽ സുരക്ഷയ്ക്കായി 3,000 പോലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് എബ്രഹാമും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു, കോട്ടയം എസ്.പി ഹരിശങ്കർ, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി വി.അജിത് എന്നിവരും സംഘത്തിലുണ്ടാകും.
യുവതികൾ എത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ അതിരു കടക്കാതിരിക്കാനുളള മുൻകരുതൽ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നേരത്തെ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘടനകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ യുവതികൾ ശബരിമലയിലെത്തുകയും അവർക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആ സാഹചര്യം ഇപ്പോൾ നിലനില്ക്കുന്നില്ലെന്നാണ് പോലീസ് വിലയിരുത്തുന്നതെങ്കിലും കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ യുവതികൾ എത്തിയാൽ അത് പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് പൊലീസിന്റെയും നിഗമനം.