ഗുവാഹട്ടി: കേന്ദ്രസർക്കാരിന്റെ അസാം പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധം കത്തിനിൽക്കെ, നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമിൽ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ ഭാഗമായി അസാമിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സർക്കാർ സംരക്ഷിക്കുമെന്നും മോദി ഉറപ്പു നൽകി.
"ഡൽഹിയിലെ എ.സി മുറികളിൽ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികൾ പൗരത്വ ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്. അസാമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സംസ്‌കാരം സംരക്ഷിക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ബില്ലിലെ അനുഛേദം ആറ് സർക്കാർ ഉടൻ നടപ്പിലാക്കും. കോൺഗ്രസിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അസാമിനെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല. അതേസമയം സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പാലായനം ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ വേദന ഉൾക്കൊള്ളണം"- മോദി പറഞ്ഞു.
അരുണാചൽ പ്രദേശിൽ നിരവധി പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
മോദിക്ക് കരിങ്കൊടി
ഗുവാഹത്തി: പ്രധാനമന്ത്രിയുടെ അസാം സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ വ്യാപക പ്രതിഷേധം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിങ്കൊടിയും കോലം കത്തിക്കലും നഗ്നതാ പ്രദർശനവും അരങ്ങേറി. വെള്ളിയാഴ്ച അസാമിലെ വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. 'മോദി ഗോ ബാക്ക്' എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കി. ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം വ്യാപകമായതിനു ശേഷം ഇതാദ്യമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്.