അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെയും പ്രതിഷേധ സമരം നടത്താൻ ആന്ധ്രാ സർക്കാർ ചെലവാക്കുന്നത് 1.12 കോടി രൂപ. ഈ മാസം 11ന് ഡൽഹിയിൽ വച്ച് നടത്തുന്ന സമരത്തിൽ ജനങ്ങളെ പങ്കെടുപ്പിക്കാനാണ് പി.ഡി.പി സർക്കാർ ഇത്രയും പണം ചെലവഴിക്കുന്നത്. കേന്ദ്രസർക്കാറിനെതിരെ ശക്തമായ സമരം നടത്താനാണ് ചന്ദ്രബാബു നായിഡു സർക്കാറിന്റെ തീരുമാനം.
ആളുകളെ ഡൽഹിയിൽ എത്തിക്കാൻ വേണ്ടി രണ്ട് സ്‌പെഷ്യൽ ട്രെയിനുകളാണ് സർക്കാർ ബുക്ക് ചെയ്തത്. ഇതിന് വേണ്ടി 20 കമ്പാർട്ടുമെന്റുകളുള്ള രണ്ട് ട്രെയിനുകളെയാണ് സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്നും സർക്കാർ വടകയ്ക്കെടുത്തതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടും, ആന്ധ്ര പുനസംഘടിപ്പിക്കൽ നിയമം അനുസരിച്ച് നടത്തിയ വാഗ്ദാനത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻവലിഞ്ഞെന്നും പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
യൂണിയൻ നേതാക്കൾ,രാഷ്ട്രീയ പാർട്ടി നേതാക്കൾ, എൻ.ജി.ഒ പ്രവർത്തകർ എന്നിവർക്ക് അനന്തപുർ, ശ്രീകാകുളം എന്നിവടങ്ങളിൽ നിന്നാണ് ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച പത്തുമണിയോടെ ഇവർ ഡൽഹിയിൽ എത്തിച്ചേരും.