മോഹൻലാൽ എന്ന അതുല്യ പ്രതിഭ ഒരു സിനിമാ നടനാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ലാലേട്ടൻ സിനിമാ നടനല്ല, തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പറ്റിയ വേറെന്തോ സാധനം ആണെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും പറയുന്നത്. ബി.ജെ.പി കാര്യാലയത്തിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്നത് മോഹൻലാൽ വരുമോ എന്ന ചോദ്യമാണ്. അടുത്ത മോദി മന്ത്രിസഭയിൽ ലാലേട്ടൻ മന്ത്രിയാകുന്നത് സ്വപ്നം കണ്ടുകൊണ്ട് കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.
എങ്ങനെയെങ്കിലും മോഹൻലാലിനെ മത്സരിപ്പിച്ച് അതു വഴി കേരളത്തിൽ നിന്ന് രണ്ട് എം.പിമാരെ ഡൽഹിക്ക് വിടാനാണ് താമരപ്പാർട്ടി ശ്രമിക്കുന്നത്. ലാലേട്ടനെ താമരക്കുളത്തിൽ ചാടിക്കാനായി ആർ.എസ്.എസ് സർവേ വരെ നടത്തി. സർവേയിൽ കേരളത്തിലെ ബി.ജെ.പി നേതാക്കൻമാരെ കടത്തി വെട്ടി ലാലേട്ടൻ ഒന്നാമത് എത്തി. അല്ലേലും നന്നായി അഭിനയിക്കാൻ അറിയാവുന്നവർക്ക് ബി.ജെ.പിയിൽ എന്നും സ്ഥാനം ഉണ്ട്. ഒരു സിനിമയിലും ഇന്നുവരെ അഭിനയിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പി.എം നരേന്ദ്രമോദി എന്നൊരു സിനിമ തന്നെ വരുന്നുണ്ട്. എല്ലാം പ്രധാനമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള ചില്ലറക്കളികൾ. അതു പോട്ടെ... കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് സിനിമാ അഭിനയം നിറുത്തില്ലെന്നും രാഷ്ട്രീയം തന്റെ വഴി അല്ല എന്നും ലാലേട്ടൻ പരസ്യമായി വ്യക്തമാക്കി. തൽക്കാലം താമരക്കുളത്തിലേക്ക് ഇല്ലെന്ന് ലാലേട്ടൻ പറഞ്ഞെങ്കിലും ക്‌ളൈമാക്സിൽ ഒരു അഡാർ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. ലാലേട്ടൻ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതോടെ തുഷാർ വെള്ളപ്പള്ളിയോടും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് അച്ഛൻ വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ ദേവൻമാരുടെയും ദേവിമാരുടേയും കാര്യങ്ങൾ നോക്കാനാണ് ദേവസ്വം ബോർഡ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ തർക്കമുള്ള ഒരാളുണ്ട്, പേര് പത്മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റാണ്. പുള്ളിയുടെ ദേവൻ ശ്രീമാൻ പിണറായി ആണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ പിണറായി ഭഗവാന്റെ തീരുമാനങ്ങൾക്ക് ഒപ്പമാണ് പത്മകുമാർ എന്ന പരമ ഭക്തൻ. നല്ലത്..... പിണറായിയുടെ പാർട്ടി ഭരിക്കുമ്പോ അതേ പാർട്ടിക്കാരനായ പത്മകുമാറിനെ ദേവസ്വംബോർഡ് പ്രസിഡന്റ് ആക്കിയത് പിന്നെ എന്തിനാണ്.? പക്ഷേ പത്മകുമാറിന് ഒരു കുഴപ്പം ഉണ്ട്. ശബരിമലയിൽ യുവതികൾ കയറണോ എന്ന് ചോദിച്ചാൽ... പുള്ളിക്കാരൻ പറയും ആചാരം സംരക്ഷിക്കണം എന്ന്. ഭരണഘടന പ്രകാരം കോടതി വിധി നടപ്പാക്കണോ എന്ന് ചോദിച്ചാൽ ആ മഹാൻ പറയും കോടതി പറയുന്നത് അതേപടി ചെയ്യും എന്ന്. ഇയാളൊക്കെ എപ്പൊ എന്ത് പറയും എന്ന് പടച്ച തമ്പുരാന് പോലും അറിയില്ല. പപ്പേട്ടന്റെ വാക്ക് മാറ്റം സഹിക്കവയ്യാതെ ദേവസം കമ്മീഷണറായ വാസു സാറിന് കോടിയേരി സഖാവിനെ കണ്ട് പരാതി ബോധിപ്പിക്കേണ്ട സ്ഥിതിയായി. കോടിയേരി സഖാവിന് പത്മകുമാറിന്റെ കാര്യം നോക്കാനൊപ്പം ഇപ്പൊ ടൈമില്ല. കോടിയേരി സഖാവും പെരുന്ന നായരും കൂടി ഇപ്പൊ നിഴൽ യുദ്ധം നടത്തി കളിക്കുകയാണ്. പെരുന്ന നായര് രാവിലെ എഴുന്നേറ്റ് എന്തേലും വിളിച്ച് പറയും. ഉച്ചയ്ക്ക് കോടിയേരി അതിനുള്ള മറുപടി പറയും. വൈകിട്ട് നായരുടെ വക കോടിയേരിക്ക് മറുപടി. ഈ കലാപരിപാടിയെ പറയുന്ന പേരാണ് നിഴൽ യുദ്ധം. എന്തായാലും അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ശബരിമലയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. യുവതി പ്രവേശന വിധിയിൽ അയ്യപ്പഭക്തൻമാർ നൽകിയ റിവ്യു ഹർജികളിൽ സുപ്രീംകോടതി വാദം കേട്ടു. കോടതിയിൽ നടത്തിയ വാദം കൂടാതെ എന്തേലും പറയാൻ ഉണ്ടെങ്കിൽ എഴുതി നൽകാൻ ഏഴ് ദിവസും കോടതി നൽകിയിട്ടുണ്ട്. എന്തായാലും യുവതികൾക്ക് അയ്യപ്പനെ കാണാം എന്ന് പറഞ്ഞ കോടതി വിധി പുനപരിശോധിക്കേണ്ട എന്ന് പിണറായി സർക്കാർ ബഹുമാനപ്പെട്ട സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്പം, നൈഷ്ടിക ബ്രഹ്മചര്യം, മതം, ആചാരം, വിശ്വാസം ഇവയൊക്കെ കോടതിയുടെ പരിഗണനയിലാണ്. വിധി വരാൻ വിശ്വാസികളേക്കാൾ ആകാംക്ഷ രാഷ്ട്രീയ പാർട്ടികൾക്കാണ്. അവരുടെ ഭാവി അയ്യപ്പന്റെ കയ്യിലാണല്ലോ...
നമ്മുടെ പ്രധാനമന്ത്രി മോദിജിക്ക് ഇന്ത്യയിൽ ഏറ്റവും പേടിയുള്ളത് ആരെ ആണെന്ന് ചോദിച്ചാൽ അത് ബംഗാളിന്റെ ഝാൻസി റാണി മമതാ ബാനർജി ആണെന്ന് പറയേണ്ടി വരും. സി.ബി.ഐ അല്ല ഇനി ആര് വരും എന്ന് പറഞ്ഞാലും മമതാ ജി പേടിക്കില്ല. സി.ബി.ഐയെ ഇറക്കി മമതയെ പേടിപ്പിക്കാനുള്ള മോദിജിയുടെ ശ്രമം നൈസായിട്ട് പാളി. മമതയുടെ വിശ്വസ്തനായ പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താണ് മമത മോദിയെ വെല്ലുവിളിച്ചത്. സംഗതി ക്ലിക്ക് ആയതോടെ പ്രധാനമന്ത്രിക്കസേര മോഹിച്ച് നടക്കുന്ന ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, സ്റ്റാലിൻ തുടങ്ങിയ മോദി വിരുദ്ധർ എല്ലാവരും മമതയെ അഭിനന്ദിച്ചു. നമ്മുടെ പിണറായി മുഖ്യനും മമതയും തമ്മിലുള്ള അന്തർധാര അത്ര സജീവം അല്ലാത്തതിനാൽ അഭിനന്ദനം ഉണ്ടായില്ല. ബംഗാളിൽ മമതാ ബാനർജിയെ തോൽപ്പിക്കാൻ കോൺഗ്രസിന് കൈകൊടുത്ത പാർട്ടിയാണ് പിണറായി വിജയന്റെ ചെങ്കൊടി പാർട്ടി. മോദിജി ബംഗാളിൽ സി.ബി.ഐയെ ഇറക്കിയത് മമതയുടെ അഴിമതി അന്വേഷിക്കാൻ ആണെന്നാണ് സി.പി.എം നിലപാട്. ചിട്ടി തട്ടിപ്പിൽ മമതയെ മോദിജി അറസ്റ്റ് ചെയ്യുന്നത് സ്വപ്നം കാണുകയാണ് പിണറായിയും യെച്ചൂരിയും.
ബോംബേ അണ്ടർ വേൾഡിനെ കിടുകിടാ വിറപ്പിച്ച അധോലോക നായകൻ രവി പൂജാരിയെ വിറപ്പിക്കാൻ ലോകത്ത് ഒരാൾക്കേ സാധിച്ചിട്ടുള്ളൂ. ആ റെക്കാഡ് പൂഞ്ഞാർ സിംഹമായ പി.സി ജോർജിന് സ്വന്തം. രവി പൂജാരി ഒരു ദിവസം രാവിലെ എഴുന്നേറ്റ് പി.സി. ജോർജിനെ വിളിച്ച് ഭീഷണിപ്പെടുത്തി പോലും. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ഇന്റർനെറ്റ് കോൾ ആയിരുന്നു അത്. പി.സി ജോർജിന്റെ മക്കൾക്ക് ക്വട്ടേഷൻ കൊടുത്തു എന്നൊക്കെ ആണ് പറയുന്നത്. പക്ഷേ പൂജാരിക്ക് പി.സിയെ അത്രയ്ക്ക് അങ്ങട് മനസിലായില്ല എന്ന് തോന്നുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും പൂജാരി ഭീഷണിപ്പെടുത്തിയപ്പോൾ പി.സി തന്റെ തനത് ശൈലിയിൽ മലയാളത്തിൽ പുളിച്ച നാല് തെറി. പിന്നെ തെറിയഭിഷേകം. അതോടെ പൂജാരി പേടിച്ചുപോയി. പിറ്റേ ദിവസം പത്രങ്ങളിൽ വാർത്ത വന്നു... അധോലോക നായകൻ രവി പൂജാരി ആഫ്രിക്കയിൽ അറസ്റ്റിലായി. പി.സി ജോർജ് വിളിച്ച തെറി കേട്ട് പൂജാരി നേരെ ആഫ്രിക്കൻ പൊലീസിൽ കീഴങ്ങിയതാണ് എന്നും കേൾക്കുന്നുണ്ട്. ഇത്രയും ഭീകരനായ ഒരാളാണ് പി.സി ജോർജ് എന്ന് അറിഞ്ഞിരുന്നില്ല. അടുത്തത് ദാവൂദ് ഇബ്രാഹിം ആണെന്നാണ് കേൾക്കുന്നത്. പി.സിയുടെ ഫോൺ കോളിൽ ദാവൂദ് കീഴടങ്ങുന്നതും സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.
|