obit

കൊല്ലം: കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയിൽ. വീടിന് സമീപം പലചരക്ക് വ്യാപാരം നടത്തിവരുന്ന ചവറ തെക്കുംഭാഗം കോയിവിള വിഷ്ണുഭവനിൽ (ഇലവുംമൂട്ടിൽ) ഗോപാലകൃഷ്ണൻ (54) ഭരണിക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈലജയുടെ വീട്ടുമുറ്റത്താണ് പൊള്ളലേറ്റ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഗോപാലകൃഷ്ണന്റെ ദേഹത്ത് തീ ആളിപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചു. ഗോപാലകൃഷ്ണൻ എത്തിയ സ്കൂട്ടറിന്റെ പിന്നിലുണ്ടായിരുന്ന കന്നാസിൽ നിന്ന് ഡീസലും ലൈറ്ററും കണ്ടെത്തി.
സംഭവസമയം ഷൈലജയും ഭർത്താവ് അനിയും വീട്ടിലുണ്ടായിരുന്നു. ഷൈലജയ്ക്ക് ഗോപാലകൃഷ്ണൻ പത്ത് ലക്ഷം രൂപ വായ്പ നൽകിയിരുന്നു. വീട് പുതുക്കി പണിയാൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണമാണ് ഷൈലജയ്ക്ക് നൽകിയത്. പലിശ മുടങ്ങിയതോടെ ഇരുവരും തമ്മിൽ വഴക്കായി. തർക്കം കോടതിയിൽ എത്തുന്ന ഘട്ടംവരെയെത്തി. ഗോപാലകൃഷ്ണനെതിരെ ഷൈലജയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഷൈലജ ഫോൺ ചെയ്ത് അറിയിച്ചത് അനുസരിച്ചാണ് ഗോപാലകൃഷ്ണൻ ഉച്ചയോടെ ഷൈലജയുടെ വാടക വീട്ടിലെത്തിയത്. ജേഷ്ഠനോട് വിവരം പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് പോയത്. ഷൈലജയുടെ വീട്ടിലെത്തി അധികം വൈകാതെ മുറ്റത്ത് തീകത്തി മരിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് മർദ്ദനമേറ്റതായും സംശയിക്കുന്നു.
സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഷൈലജയെയും ഭർത്താവ് അനിയെയും തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ലീലയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. മക്കൾ: വിഷ്ണു, വിശാഖ്. സഹോദരങ്ങൾ: ബാബു, ഗോപി, രവി, ശശി, മണികണ്ഠൻ.