ഷില്ലോംഗ് : ശാരദ ചിട്ടിത്തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. സുപ്രിംകോടതി ഉത്തരവിനെതുടർന്ന് ഷില്ലോംഗിലെ സി.ബി.ഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നീണ്ടുനിന്നു.
രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി 7.30 ഓടെയാണ് അവസാനിച്ചത്. ഞായറാഴ്ചയും ചോദ്യംചെയ്യൽ തുടരും. കൊൽക്കത്ത പൊലീസിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമാണ് രാജീവ് കുമാർ ചോദ്യംചെയ്യലിന് ഹാജരാകാൻ ഷില്ലോംഗിലെത്തിയത്.
ശാരദ ചിട്ടി തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവ് കുമാറിനോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു. ശാരദാ ചിട്ടി തട്ടിപ്പുകേസ് അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്ന രാജീവ് കുമാർ ഇലക്ട്രോണിക് തെളിവുകൾ അടക്കമുള്ളവയിൽ കൃത്രിമം കാട്ടിയെന്നാണ് സി.ബി.ഐയുടെ ആരോപണം.
രാജീവ് കുമാറിനെ ചോദ്യംചെയ്യാൻ സി.ബി.ഐ സംഘം കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തിയത് കേന്ദ്രവും പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചിരുന്നു.