rahul-gandhi-

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വരവറിയിച്ച് രാഷ്ട്രീയ നേതാക്കളുടെ ബയോപിക്കുകൾ അണിയറയിൽ തയ്യാറെടുക്കുന്ന വാർത്തകൾ നേരത്തെതന്നെ വന്നതാണ്. അതിൽ മുൻ പ്രധാനമന്ത്രി
ഡോ. മൻമോഹൻ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ ഈയടുത്താണ് പുറത്തിറങ്ങിയത്. കോൺഗ്രസിനേയും മൻമോഹൻ സിംഗിനെയും അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ അജണ്ട എന്ന രീതിയിൽ ഏറെ വിവാദങ്ങൾക്കും സിനിമ വഴിവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണവും തുടങ്ങിയത്. വിവേക് ഒബ്രോയിയാണ് ചിത്രത്തിഷൽ മോദിയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജീവിതവും സിനിമയാകുന്നു.

സംവിധാനം ചെയ്യുന്നതാവട്ടെ മലയാളിയായ രൂപേഷ് പോളും. ‘മൈ നെയിം ഈസ് രാഗാ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തുവിട്ടു. കോൺഗ്രസിനായി രാഹുൽ ചെയ്ത കാര്യങ്ങളും, പാർട്ടി തിരിച്ചുവന്നതും ചിത്രത്തിന്റെ ഭാഗമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ.


ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇന്ദിരയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളിൽ കാണാനാവുക. ഇന്ദിരാഗാന്ധി വധവും ചിത്രത്തിന്റെ ഭാഗമാകുന്നു. 1984 മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയമാകുക.

അശ്വിനി കുമാറാണ് രാഹുൽ ഗാന്ധിയെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് ഹിമന്ത കപാഡിയയാണ്.

ആക്‌സിഡന്റൽ പ്രൈംമിനിസ്റ്ററിൽ മൻമോഹൻ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരൻ രാജു ഖേറാണ് രാഹുലിന്റെ ബയോപിക്കിൽ മൻമോഹനായി അഭിനയിക്കുന്നത്. ഡാനിയേലെ പെറ്റിറ്റെ ആണ് സോണിയാ ഗാന്ധിയായി വേഷമിടുന്നത്.