തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. അമിതപ്രകാശമുള്ള ലൈറ്റുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങൾ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് വാഹന യാത്രക്കാരുടെ പരാതി. ഇരുചക്ര വാഹനങ്ങളുൾപ്പെടെ ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എതിർദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങൾക്കു വഴിതെളിക്കുകയും ചെയ്യുന്നു.
ഇത്തരം ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് വ്യക്തമാക്കി.