കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പുളിങ്ങോം സ്വദേശി റോബിൻ തോമസ് , നടുവിൽ സ്വദേശി വിൻസെന്റ് , പുലിക്കുരുമ്പ സ്വദേശി ബിജു, ചെങ്ങളായി സ്വദേശി പ്രേമാനന്ദ്, അടുവാപ്പുറം സ്വദേശി രാജേഷ് എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയുടെയും കല്ല്യാണ ഫോട്ടോയാണ് സോഷ്യൽ മീഡിയയീലൂടെ പ്രചരിപ്പിച്ചത്.
ഇവരുടെ കല്ല്യാണ ഫോട്ടോയും വിലാസും വച്ച് സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. 'പെണ്ണിന് വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്‌തി 15 കോടി, സ്ത്രീധനം 101 പവൻ, 50 ലക്ഷം, ബാക്കി പുറകെ വരും' എന്ന കമന്റോടുകൂടിയാണ് ഇവർ വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇത് പ്രചരിച്ചതോടെ നിരവധി പേർ ഷെയർ ചെയ്തു. എന്നാൽ പൊലീസിൽ പരാതി കൊടുത്തതോടെ ഷെയർ ഇവർ ഇത് ചെയ്തത് ഡിലീറ്റ് ചെയ്തു. എന്നാൽ സെെബർ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ്, എസ്.ഐ സി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.