കണ്ണൂർ: മാഹി ഗവൺമെന്റ് ആശുപത്രിയിലെത്തിയവരെ ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതർ പറഞ്ഞയച്ചു. പട്ടിയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ അനിൽകുമാറിന്റെ മകൻ അവിനാഷിനാണ് മാഹി ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്. കേരളത്തിലുള്ളവർക്ക് ചികിത്സ നൽകാനാവില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വെെകുന്നേരമാണ് അവിനാഷിന് പട്ടിയുടെ കടിയേൽക്കുന്നത്. ഉടനെ തന്നെ അനിൽകുമാർ കുട്ടിയെ മാഹി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവ് വൃത്തിയാക്കിയതിന് ശേഷം ഇഞ്ചക്ഷൻ എടുക്കാൻ ഡോക്ടർ എത്തിയപ്പോയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
വിവരങ്ങൾ ചോദിച്ച സമയത്ത് സ്ഥലം പരിമഠമാണെന്ന് (കേരളത്തിൽ ഉൾപ്പെട്ട പ്രദേശം) പറഞ്ഞു. അതോടെ ഡോക്ടർ ഇവിടെ ചികിത്സയില്ലെന്ന് പറഞ്ഞു. മകൻ മാഹിയിലാണ് പഠിക്കുന്നതെന്ന് പറഞ്ഞുനോക്കിയെങ്കിലും ഒരു കനിവും കാണിച്ചില്ലെന്ന് അനിൽകുമാർ പറഞ്ഞു. ചികിത്സ നൽകാൻ പറ്റില്ലെന്നും അതാണ് മുകളിൽ നിന്നും പറഞ്ഞതെന്നും ഡോക്ടർ വ്യക്തമാക്കി. തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അനിൽകുമാർ മകനെയും കൊണ്ട് 10 കിലോമീറ്റർ അകലെയുള്ള തലശേരിയിലെത്തിയാണ് ചികിത്സ ലഭ്യമാക്കിയത്.
ഡോക്ടർക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. 'മാഹി എന്താ ഇന്ത്യയിൽ അല്ലെ' എന്ന ചോദ്യത്തോട് കൂടിയാണ് പ്രതിഷേധം ഉയർന്നുവരുന്നത്. ആശുപത്രിക്ക് ചികിത്സാ നിഷേധം ആദ്യമല്ല എന്നാണ് വ്യക്തമാകുന്നത്. പ്രജിത് കുമാർ ഫേസ്ബുക്കിൽ ആശുപത്രിയിൽ നടന്ന സംഭവത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.