കണ്ണൂർ തിമിരിയിലെ കനവീടിനിപ്പോൾ മഴവില്ലിന്റെ ഭംഗിയുണ്ട്. നാലുമാസം പിന്നിട്ട രണ്ടു മാലാഖക്കുട്ടികളുടെ കളിയും ചിരിയും കുറുമ്പുമൊക്കെ ആ വീടിനെ സ്വർഗമാക്കുന്നു. ഒന്നരവർഷം മുമ്പ് അവിടെയുള്ള കാഴ്ചകൾ നൊമ്പരങ്ങളുടേതായിരുന്നു. പ്രിയപ്പെട്ട ഒരാളുടെ അസാന്നിദ്ധ്യത്താൽ കണ്ണീരിൽ കുതിർന്നു വിറങ്ങലിച്ചു പോയൊരു വീട്ടിൽ പുഞ്ചിരിയായി വിടർന്നു നിൽക്കുന്നത് രണ്ടു കുസൃതിക്കുരുന്നുകളാണ്. അവരുടെ കുഞ്ഞുകൊഞ്ചലുകളിലാണ് ഇപ്പോൾ ആത്മധൈര്യം കൊണ്ട് ജീവിതം പൂരിപ്പിച്ച ഒരു പ്രണയിനിയുടെ ഹൃദയം പ്രകാശിക്കുന്നത്.
കാലമെത്ര കഴിഞ്ഞാലും തോൽപ്പിക്കാൻ ശ്രമിച്ചാലും പ്രണയം വറ്റാത്ത ചിലയിടങ്ങളുണ്ട്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിനെപ്പോലെ. അതുപോലൊരു പ്രണയക്കഥയാണ് ഷിൽനയുടെ ജീവിതം. കഴിഞ്ഞവർഷം കണ്ണീരോടെ മലയാളികൾ വായിച്ചറിഞ്ഞ അതേ ഷിൽന തന്നെ. കണ്ണൊന്നു നനയാതെ, മനസൊന്നു പതറാതെ ആർക്കും കേട്ടു നിൽക്കാൻ കഴിയില്ല ബ്രണ്ണൻ കോളേജ് അദ്ധ്യാപകനായിരുന്ന കെ.വി. സുധാകരന്റെയും ഫെഡറൽ ബാങ്ക് മാനേജരായ ഷിൽനയുടെയും ജീവിതകഥ. ഷിൽന ഇപ്പോൾ തനിച്ചല്ല. പാതിവഴിയിൽ യാത്ര പറയാതെ പോയ ജീവിതപ്പാതിക്ക് പകരം, ആ സ്നേഹത്തിന്റെ ജീവൻ അതേ പോലെ പകർത്തിവച്ചിരിക്കുന്ന രണ്ട് കുസൃതിക്കുരുന്നുകൾ അവരുടെ ഇടവും വലവുമുണ്ട്. നിമ മിത്ര സുധാകരനും നിയ മാൻവി സുധാകരനും. കഴിഞ്ഞകാല വേദനകളുടെ മുറിവിലുള്ള സാന്ത്വനവും അമൃതുമാണ് ഈ അമ്മയ്ക്കിപ്പോൾ ഇവർ.
വാഹനാപകടത്തിൽ മരിച്ച ഭർത്താവിന്റെ ബീജം ഉപയോഗിച്ച് രണ്ട് പെൺകുഞ്ഞുങ്ങളുണ്ടായത് തെല്ലൊരു കൗതുകത്തോടെയും അതിനേക്കാളുപരി സന്തോഷത്തോടെയുമാണ് കേരളം അറിഞ്ഞത്. ഒപ്പം ഷിൽനയ്ക്കും കുടുംബത്തിനും അഭിനന്ദനപ്രവാഹവും. ജീവിതത്തിൽ എന്നെന്നും കൂടെയുണ്ടാകുമെന്ന് കരുതിയ പ്രിയപ്പെട്ട മാഷ് അടുത്തില്ലെന്ന തോന്നൽ ഷിൽന ഇപ്പോൾ മറന്നു തുടങ്ങിയിരുന്നു. പ്രണയം തുടങ്ങിയതും അങ്ങനെയായിരുന്നു. കത്തുകളിലൂടെ, കവിതകളിലൂടെ, അക്ഷരങ്ങളിലൂടെ സൗഹൃദം പ്രണയമായി മാറിയപ്പോഴും അവർ പരസ്പരം കണ്ടിരുന്നില്ല. വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴും കണ്ടിട്ടില്ല. ഒടുവിൽ വിവാഹത്തിന് ദിവസങ്ങൾ മുമ്പാണ് പരസ്പരം കാണുന്നത്. ആ കഥയിങ്ങനെ.
പ്രണയം പറഞ്ഞ കവിത
വായന ഇഷ്ടപ്പെട്ടിരുന്ന എട്ടാം ക്ലാസുകാരിയുടെ മനസിലുടക്കിയ ഒരു കവിതയിൽ നിന്നായിരുന്നു ആ പ്രണയം മൊട്ടിട്ടത്. അതിലെ വരികൾ മനസിനെ വല്ലാതെ പിടിച്ചുലയ്ക്കാൻ തുടങ്ങിയപ്പോൾ കവിയുടെ വിലാസം തേടി പിടിച്ച് ഒരു അഭിനന്ദന കത്തെഴുതി. നാലുവർഷത്തിനു ശേഷം അവിചാരിതമായി അതേ എഴുത്തുകാരന്റെ പേര് പിന്നെ പത്രത്തിലും കണ്ടു. അന്ന് ആ എട്ടാംക്ലാസുകാരി പ്രീഡിഗ്രി വിദ്യാർത്ഥിനിയായി മാറിയിരുന്നു. പേര് കണ്ട സന്തോഷത്തിൽ ഒരു കത്ത് കൂടി അദ്ദേഹത്തിനയച്ചു. ഇത്തവണ കൃത്യം മറുപടിയും ലഭിച്ചു. ആരാധന സൗഹൃദമായി, സൗഹൃദം പ്രണയവും. കത്തുകളിലൂടെ അവർ സ്വപ്നങ്ങൾ പങ്കുവച്ചു.
ആ പ്രണയം പിന്നെയും മുന്നോട്ടുപോയി. പത്രപ്രവർത്തകനിൽ നിന്നു കോളേജ് ലക്ചററിലേക്കുള്ള മാറ്റവും പ്ലസ് വൺ വിദ്യാർത്ഥിനിയിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥയിലേക്കുള്ള മാറ്റവുമൊഴിച്ചാൽ അവർക്കിടയിൽ യാതൊന്നും മാറിയില്ല. പരസ്പരം ജീവിക്കാൻ തീരുമാനിച്ചതും കത്തുകളിലൂടെയായിരുന്നു. ആ പ്രണയം ഇരുവരും അതേപോലെ തുടർന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും. വിവാഹം കഴിഞ്ഞ് എല്ലാ ദമ്പതികളെയും പോലെ അവരും സ്വപ്നം കണ്ടിരുന്നു, തങ്ങളുടെ സ്നേഹത്തിന്റെ നേർപ്പാതിയായി ഒരു കുഞ്ഞിക്കിളി എത്തുന്നത്. എന്നാൽ അതൊരു ആഗ്രഹം മാത്രമായി ഒതുങ്ങുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ ചികിത്സകളും തുടങ്ങി. അങ്ങനെയൊരു നാൾ കോഴിക്കോട്ടെ ചികിത്സാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലാണ് സുധാകരൻ മാഷ് ഷിൽനയെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് യാത്ര പോയത്.
പക്ഷേ, ഷിൽന അവിടെ തളർന്നില്ല. കൂടെയില്ലെങ്കിലും തന്റെ എല്ലാമെല്ലാമായിരുന്ന പ്രാണന്റെ പാതി തന്നിൽ വളരണമെന്ന് അവൾ ആഗ്രഹിച്ചു. നീണ്ട പതിനൊന്നു വർഷത്തെ ചികിത്സകൾക്കൊടുവിൽ അവരുടെ ജീവിതത്തിലേക്ക് സ്വപ്നം കണ്ടിരുന്നതു പോലെ രണ്ടു കുഞ്ഞുങ്ങളെത്തി. സുധാകരന് അവസാന ചുംബനവും നൽകി യാത്രയാക്കാൻ ഒരുങ്ങിയപ്പോഴാണ് ഷിൽന മനസുറപ്പോടെ ആ തീരുമാനമെടുത്തത്. മാഷിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം. സുധാകരന്റെ അമ്മയായിരുന്നു ഷിൽനയുടെ തീരുമാനത്തിൽ ഏറെ സന്തോഷിച്ചത്. കണ്ണിലെ കൃഷ്ണമണി പോലെ നോക്കിവളർത്തിയ ഏക മകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് അതിലും വലിയ ആശ്വാസമായി മറ്റൊന്നില്ലായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ഷിൽന ചികിത്സ തുടരാൻ തന്നെ തീരുമാനിച്ചു. കൂടെനിന്ന ഡോക്ടർമാരോടുള്ള നന്ദിയും ഷിൽന മറച്ചുവയ്ക്കുന്നില്ല. അവരോരുത്തരുടെയും മുഖവും സ്നേഹവും ഇപ്പോഴും മനസിൽ അതുപോലെ തന്നെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒടുവിൽ മാഷിന്റെ ആ സ്വപ്നത്തിലേക്ക് ഷിൽന പതിയെ നടന്നടുത്തു, മാഷിന് വേണ്ടി അവർ ഗർഭം ധരിച്ച് പ്രസവിച്ചു.
കണ്ണൂർ കൊയിലി ആശുപത്രിയിലെ പ്രസവ മുറിയിലേക്ക് കയറുമ്പോൾ എല്ലാ ഗർഭിണികളെയും പോലെ ഷിൽനയുടെ മനസിലുമുണ്ടായിരുന്ന ധൈര്യം അത് തന്നെയായിരുന്നു, പ്രിയപ്പെട്ടവരെല്ലാം ചുറ്റുമുണ്ടല്ലോ എന്നത്. തന്റെ പ്രിയപ്പെട്ട മാഷും അക്കൂട്ടത്തിൽ അവിടെയുണ്ടെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. തന്റെ കുഞ്ഞുങ്ങളെ കാണാൻ ഏതച്ഛനാണ് ആഗ്രഹിക്കാത്തത്. പോരെങ്കിൽ ഇത്രയേറെ കാത്തിരുന്ന ഒരച്ഛൻ!
''ഞങ്ങളുടെ പ്രണയത്തിനിടയിലേക്ക് ഒരു കുഞ്ഞുകൂടി വേണമെന്ന് ആഗ്രഹം തോന്നി തുടങ്ങിയപ്പോഴൊന്നും അത് സംഭവിച്ചില്ല. ഒടുവിൽ വന്ധ്യതാ ചികിത്സ തുടങ്ങി. ഇടയ്ക്ക് രണ്ട് തവണ പ്രതീക്ഷ നൽകിയെങ്കിലും വിധി അത് നഷ്ടപ്പെടുത്തി. പ്രതീക്ഷയോടെ വീണ്ടും ചികിത്സകൾ പുനരാരംഭിച്ചു. മാഷിന് നല്ല പ്രതീക്ഷയായിരുന്നു ഇരട്ടക്കുട്ടികൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന്. കുഞ്ഞുങ്ങളെ അത്രത്തോളം സ്നേഹിച്ചിരുന്നു എന്റെ മാഷ്. അവർക്ക് വേണ്ടി പേരും കണ്ടു വച്ചു. ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ അതും മാനസികമായി നേരിടാൻ എന്നെയും അച്ഛനെയും അമ്മയെയും അദ്ദേഹം പ്രാപ്തരാക്കിയിരുന്നു... ആ ചികിത്സ എന്റെ ജീവിതത്തെ രണ്ട് തരത്തിൽ മാറ്റി മറിച്ചുവെന്ന് പറയാം. എല്ലാമെല്ലാമായിരുന്ന പ്രണയത്തെ നഷ്ടപ്പെടുത്തി, എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനുമായി മാഷ് ആഗ്രഹിച്ചിരുന്ന പോലെ രണ്ട് കൺമണികളെ സമ്മാനിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് നഷ്ടമാകുന്നത്. എങ്കിലും എന്റെ അരികിലില്ലെന്ന് വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല." പ്രിയതമനോടുള്ള പ്രണയം അവരുടെ കണ്ണുകളിൽ ഇപ്പോഴും തിളങ്ങുന്നുണ്ട്.
പ്രണയിക്കാം ഇങ്ങനെയും
മാഷിന്റെ വിടവ് ഷിൽനയെ വല്ലാതെ ബാധിച്ചിരുന്നു. ചിലപ്പോഴെല്ലാം മരണത്തേക്കാൾ ഭയാനകമായിരുന്നു ആ ഏകാന്തത. ഇരുവരും ഒരുമിച്ചു ചെലവഴിച്ച ദിവസങ്ങളെ കുറിച്ചോർത്തും മനോഹരമായ ആ കൈപ്പടയിൽ കണ്ണോടിച്ചും ആ പേനയും കണ്ണടയും തൊട്ടുനോക്കിയും അദ്ദേഹം ധരിച്ച വസ്ത്രങ്ങൾ തൊട്ടുനോക്കിയും അത് മണത്തു നോക്കിയും ഒക്കെയായിരുന്നു ആ ദിവസങ്ങളെ ഷിൽന അതിജീവിച്ചത്. ഒറ്റയ്ക്കായി എന്നു തോന്നുമ്പോഴെല്ലാം കൂടുതൽ കൂടുതൽ സ്നേഹിച്ചുകൊണ്ടേയിരുന്നു. കരയാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചു. ഷിൽനയുടെ കണ്ണൊന്നു നിറഞ്ഞാൽ അത് ഏറ്റവുമധികം വേദനിപ്പിക്കുക തന്റെ മാഷിനെ തന്നെയായിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു.. മാഷിനെ കുറിച്ചോർക്കുമ്പോൾ ഷിൽനയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക അദ്ദേഹത്തിന്റെ മനോഹരമായ കൈപ്പടയാണ്. ആ കൈപ്പടയിലൂടെയാണല്ലോ അവർ അടുത്തതും ഇഷ്ടപ്പെട്ടതും ജീവിച്ചതുമെല്ലാം.
'' സ്വന്തം ഭർത്താവിന്റെ നിഴലിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചിരുന്ന ഒരു സാധാരണ ഭാര്യയായിരുന്നു ഞാനും.. പെട്ടെന്ന് ജീവിതത്തിന്റെ വെളിച്ചം നഷ്ടമായപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അദ്ദേഹമില്ലാതെ ഈ ഭൂമിയിൽ ജീവിതം അസാധ്യമാണെന്ന് കരുതി...മരണവീട്ടിൽ അദ്ദേഹത്തെ കാണാൻ വന്ന ഓരോരുത്തരും എന്റെ ദുർവിധി ഓർത്തു സഹതപിച്ചു..എന്നാൽ ആരുടെ മുന്നിലും തോറ്റു കൊടുക്കാൻ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല.. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഞാൻ കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നി..അദ്ദേഹത്തോടുള്ള അഗാധമായ പ്രണയം മരണത്തിലും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല.ആ ചിരിക്കുന്ന മുഖം എന്നും എനിക്ക് കരുത്ത് തന്നെയാണ്.
അതാണ് എന്നെ മുന്നോട്ട് നയിക്കുന്നതും. എന്നത്തേയും പോലുള്ള ഒരു സാധാരണ ദിവസം എത്ര പെട്ടെന്നാണ് കഠിനവും ദുരിതപൂർണവുമായി തീരുന്നതെന്ന് ഞാനറിഞ്ഞു. വിഷമിക്കരുതെന്ന് പറഞ്ഞ് പഠിപ്പിച്ച ആൾ.. ജീവിതം എപ്പോഴും സന്തോഷപൂർണമായിരിക്കണമെന്ന് ഉപദേശിച്ച ആൾ.. അങ്ങനെയൊരാളിന്റെ കുറവ് അതെനിക്ക് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ ഞാൻ തോൽക്കില്ല. ആ പ്രണയമാണ് എന്നെ ഓരോ ചുവടും മുന്നോട്ട് നടത്തുന്നത്... വീഴുന്നിടത്തെല്ലാം എന്നെ പിടിച്ചെഴുന്നേൽപ്പിക്കുന്നത്... തളരുമ്പോഴെല്ലാം ഊർജമാകുന്നത്... ഇങ്ങനെയൊരു സന്തോഷം എന്നെ കാത്തിരുന്നതുകൊണ്ടാകാം എന്റെ ജീവിതം പിന്നെയും മുന്നോട്ട് നീങ്ങിയത്. ഒരുപാട് കാര്യങ്ങൾ ഇനി ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടതുണ്ട്."" ഷിൽനയുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം കാണാം. ആ കണ്ണുകൾ ഇനി നിറയാതിരിക്കട്ടെയെന്ന് ആശിക്കാം.
പ്രണയക്കരുത്ത്
എഴുത്തും വായനയും കൃഷിയും ആയിരുന്നു ഷിൽനയുടെയും സുധാകരന്റെയും പൊതുവായ ഇഷ്ടങ്ങൾ. മാഷ് എഴുതുന്ന വരികൾ പകർത്തിയെഴുതുക എപ്പോഴും ഷിൽനയുടെ ജോലിയായിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ കൈപ്പടയിലെഴുതിയാലും അത് വീണ്ടും ഷിൽന എഴുതിക്കാണുന്നതിലായിരുന്നു സുധാകരന്റെ സന്തോഷം. കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തണമെന്ന മാഷിന്റെ സ്വപ്നം ഇനി ഷിൽനയുടേത് മാത്രമാവുകയാണ്. അവൾക്ക് കരുത്തായി, താങ്ങായി മാഷുണ്ടാകും. ഷിൽനയുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല. അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. പ്രിയതമന് വേണ്ടി അവൾ അവസാന നിമിഷം വരെയും ജീവിക്കും, മാഷ് ആഗ്രഹിച്ചിരുന്ന പോലെ ഈ മാലാഖക്കുഞ്ഞുങ്ങളെ വളർത്തും. പ്രിയ പാതി ബാക്കി വച്ച് പോയ സ്വപ്നങ്ങളോരൊന്നും ഷിൽന ചെയ്തു തീർക്കുകയാണ്..
ഇനി അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം ചേർത്ത് ഒരു പുസ്തകമിറക്കണമെന്ന ആഗ്രഹവും അവർ പങ്കു വച്ചു. അധികം വൈകാതെ അതുണ്ടാകുമെന്ന ഉറപ്പും. ദുരന്തങ്ങൾ വരുമ്പോൾ കരഞ്ഞു കാലം തികയ്ക്കാനുള്ളതല്ലെന്നും അതിനെ അതിജീവിക്കുകയുമാണ് വേണ്ടതെന്ന് ഓർമ്മപ്പെടുത്തുകയാണ് മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ പെണ്ണും അവളുടെ മാലാഖ കുഞ്ഞുങ്ങളും. മരണത്തിനും മുകളിലാണ് പ്രണയമെന്ന് ഷിൽനയും അവളുടെ പ്രിയമാഷും പറയാതെ പറയുന്നു. അവർ ഇപ്പോഴും പ്രണയത്തിലാണ്, അവളുടെ മാഷ് എപ്പോഴും അവൾക്കരികിലുള്ളപ്പോൾ എങ്ങനെ പ്രണയിക്കാതിരിക്കും.. നൂറ് നൂറ് വർഷങ്ങൾ ഇനിയും അവർ പ്രണയിക്കട്ടെ, കണ്ണീരിന്റെ നേർവരമ്പ് പോലുമില്ലാതെ. ചുറ്റുമുള്ളവരിലേക്കും ആ പ്രണയം പരക്കട്ടെ.