സംസ്കൃതം കടഞ്ഞെടുത്താൽ അമൃതാണ്. അത് പിന്നെ ആവോളം രുചിച്ചാസ്വദിക്കാം. പക്ഷേ പഠിച്ചെടുക്കാനുള്ള പ്രയാസം പറഞ്ഞറിയിക്കേണ്ട. സംസ്കൃതം രക്തത്തിൽ അലിഞ്ഞുചേർന്നയാളായി വേണം ഡോ.കെ.ഭാരതിയെ വിശേഷിപ്പിക്കാൻ. സംസ്കൃതത്തിൽ നിന്നുള്ള അമൂല്യ രചനകൾ അവർ മധുരമാക്കി മലയാളത്തിന് വിളമ്പുകയാണ്. അതിൽ ഏറ്റവും പുതിയ രചനയായ 'ശങ്കരാചാര്യരുടെ പ്രകരണഗ്രന്ഥങ്ങൾ-സംസ്കൃതവും മൂലവും വ്യഖ്യാനവും" കൈരളിക്കു ലഭിച്ച വലിയൊരു സമ്മാനമാണ്.
ക്രിസ്തുവർഷം 788-820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ലോകം കണ്ട മഹാ വേദാന്തിയും ദാർശനികനുമായിരുന്നു ശ്രീശങ്കരാചാര്യർ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ അടിത്തറയും ആവിഷ്ക്കാരവും നൽകിയ ആദിശങ്കരൻ ആശയ പ്രചാരണത്തിലൂടെ ഹിന്ദുമത സംസ്ഥാപനവും പ്രചാരണവും നടത്തി. ശങ്കരാചാര്യർ രചിച്ച 22 പ്രകരണ ഗ്രന്ഥങ്ങൾ അന്വയിച്ച് സരളമായ മലയാളത്തിൽ വിവർത്തനം ചെയ്ത് അത് അനായസേന പഠിക്കാൻ പഠിതാക്കൾക്ക് അവസരം ഒരുക്കുകയാണ് ഡോ.കെ.ഭാരതി.
പ്രസിദ്ധ സംസ്കൃതപണ്ഡിതനും ന്യായശാസ്ത്ര വിശാരദനുമായിരുന്ന പണ്ഡിതരാജൻ തൃക്കോവിൽ രാമവാരിയരുടെ മകളും എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസറുമാണവർ. ബി.എ(സംസ്കൃതം)ക്കും എം.എയ്ക്കും(സംസ്കൃതം) കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ഭാരതി കേരള സർവകലാശാലയിൽ നിന്നുതന്നെ പി.എച്ച് ഡിയും കരസ്ഥമാക്കി. പ്രസിദ്ധ സംസ്കൃത പണ്ഡിതൻമാരും ഗവേഷകരുമായിരുന്ന ഡോ. കെ.കുഞ്ചുണ്ണി രാജാ, ഡോ.എസ്. വെങ്കിടസുബ്രഹ്മണ്യ അയ്യർ എന്നിവരുടെ കീഴിലാരംഭിച്ച ഗവേഷണം അവസാനിച്ചത് ഡോ.എം.എസ്. മേനോന്റെ കീഴിലായിരുന്നു. സംസ്കൃതത്തിലെ യമകകാവ്യങ്ങൾ ശബ്ദവിശ്ലേഷണം നടത്തി അർത്ഥം മനസിലാക്കി ആസ്വാദക പഠനങ്ങൾക്ക് വിഷയമാക്കി വിജയിപ്പിക്കണമെങ്കിൽ അതിനുവേണ്ട പാണ്ഡിത്യവും ക്ഷമയും ക്ളേശവും ഊഹിക്കാവുന്നതേയുള്ളു.
സംസ്കൃത പഠനത്തിലും പ്രചാരണത്തിലും നൽകിവരുന്ന സംഭാവനകളെ കണക്കിലെടുത്ത് ഭാരതിടീച്ചർക്ക് ദേവിപ്രസാദം പുരസ്കാരം, കടവല്ലൂർ അന്യോന്യം വാചസ്പതി പുരസ്കാരം എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സംസ്കൃതഭാഷയ്ക്കും സർവ്വോപരി ഭാരതീയ ചിന്താപദ്ധതിയെക്കുറിച്ച് പഠിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ് ശ്രീശങ്കരാചാര്യരുടെ പ്രകരണഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഈ വ്യാഖ്യാനം. തൃശൂരിലെ ക്രിയാറ്റിഫ് പബ്ളിക്കേഷൻസാണ് പ്രസാധകർ.
'അച്ഛനിൽ നിന്നായിരുന്നു സംസ്കൃതം പഠിക്കാനുള്ള പ്രേരണ. ശങ്കരാചാര്യരുടെ സ്ത്രോത്രമാണ് ആദ്യം ചെയ്തത്. പ്രോത്സാഹിപ്പിക്കാൻ ഭർത്താവടക്കം നിരവധി പേരുണ്ടായിരുന്നു. എഴുതാൻ എന്നും നിർബന്ധിച്ചിരുന്നത് ഭർത്താവ് പൈങ്കുളം പൊയിലത്ത് വാരിയത്ത് കുഞ്ഞുക്കുട്ടനായിരുന്നു. ഏതാനും മാസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. പാശ്ചാത്യ സംസ്കാരം കടന്നാക്രമിക്കുന്ന ഈ കാലയളവിൽ അദ്വൈതത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ഭാരതി ടീച്ചർ പറയുന്നു. സംസ്കൃതം അറിയാത്തവർക്കുപോലും വേദാന്തതത്വം പഠിക്കാൻ സഹായകരമാകും വിധം ലളിതമായ ഭാഷയിലാണ് ഈ വ്യാഖ്യാനം നിർവഹിച്ചത്. മനുഷ്യജീവിത്തിന്റെ പരമലക്ഷ്യമായ അദ്വൈതാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകാനുള്ള ഒരു പരിശ്രമമാണിതെന്നും ടീച്ചർ വ്യക്തമാക്കി.
വർഷങ്ങളുടെ തപസ്യയാണ് ഈ രചന. ഭാരതീയ തത്വചിന്തയുടെ കൊടുമുടികൾ കയറാൻ ഈ രചന വായനക്കാരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.