ഏതാണ്ട് 75 വർഷം മുമ്പുള്ള സംഭവമാണ് തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തുള്ള വിളപ്പിൽ വില്ലേജിന്റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ കുഗ്രാമമാണ് ചെറുകോട്. ചെറുകോടിനോട് ചേർന്ന് ഉണ്ടപ്പാറ, കിരാലിക്കുഴി, മരുത്തകിടി, പാറാംകുഴി, കാരോട് എന്നീ പ്രദേശങ്ങൾ പരിഷ്കാരം എത്തിനോക്കിയിട്ടില്ലാത്ത പ്രദേശങ്ങൾ. ഒറ്റയടിപ്പാതയും ഉൗടുവഴികളും വയൽവരമ്പുകളുമൊക്കെ കടന്ന് മൂന്ന് കിലോമീറ്ററെങ്കിലും കാൽനടയായി സഞ്ചരിച്ചാലേ ഏതെങ്കിലും ഒരു റോഡിൽ എത്താൻ കഴിയൂ. ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നും ഇൗ പ്രദേശങ്ങളിൽ എത്തി നോക്കിയിട്ടില്ല.
കൂലിവേലക്കാരും കൃഷിക്കാരും ആയ കുറെ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു. 1940 കളിൽ പൊന്നൂസ് എന്നൊരു മനുഷ്യൻ കുറച്ചകലെയുള്ള മുളയറയിൽ നിന്ന് ഇവിടെ വന്ന് താമസമാക്കി. സ്വപ്രയത്നം കൊണ്ട് അല്പസ്വല്പം വസ്തുക്കളൊക്കെ സമ്പാദിച്ച് കുടുംബജീവിതം ആരംഭിച്ചു. മൂത്തമകന് നാലര വയസ് പ്രായമായപ്പോൾ ഏകദേശം മൂന്ന് കിലോമീറ്ററോളം അകലെയുള്ള ഉറിയാക്കോട് സ്കൂളിൽ ഒന്നാം ക്ളാസിൽ കൊണ്ടുചേർത്തു. ഇരുവശവും കാടുപടർന്നു കിടക്കുന്ന ഇടവഴികളിലൂടെ നടന്നുവേണം അവിടെയെത്താൻ. ഇൗ ഭാഗത്തുള്ള വിരലിൽ എണ്ണാവുന്ന ചില കുട്ടികളും കൂടെ ഇൗ സ്കൂളിൽ പഠിച്ചിരുന്നു.
പൊന്നൂസ് എന്ന വ്യക്തിക്ക് തന്റെ മകനെ ഇത്രയകലെ ഒരു സ്കൂളിൽ അയച്ചുപഠിപ്പിക്കാൻ വൈഷമ്യം അനുഭവപ്പെട്ടു. മറ്റുകുട്ടികളും പഠിത്തം നിറുത്താൻ തുടങ്ങി. കുഞ്ഞിനെ പഠിപ്പിക്കുകയും വേണം സുരക്ഷിതമല്ലാത്ത ഇൗ ഉൗടുവഴികളിലൂടെ മകനെ അയയ്ക്കാനും വയ്യ.
അന്ന് വിളപ്പിൽ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന കെ. ഭാസ്കരപ്പിള്ളയുമായി ആലോചിച്ച് ഇൗ പ്രദേശത്ത് ഒരു സ്കൂൾ ഉണ്ടാക്കുന്നതിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. ചെറുകോടുനിന്ന് അഞ്ചു കിലോമീറ്റർ ദൂരമുള്ള പേയാട് വരെ പോയാലേ ബസ് ഉള്ളൂ. അതും വളരെക്കുറച്ച് സർവീസുകളെ ഉണ്ടായിരുന്നുള്ളു. മിക്കവാറും എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങും. കാര്യങ്ങൾ അന്വേഷിച്ച് തിരിച്ച് വീട്ടിൽ എത്തുമ്പോൾ രാത്രി പത്തു മണി.
കൂടുതലും നടന്നുതന്നെ യാത്ര. വളരെ നാളത്തെ കഠിനപരിശ്രമങ്ങൾക്കൊടുവിൽ ഹരിജൻ വെൽഫയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒന്നാംക്ളാസുള്ള ഒരു സ്കൂൾ അനുവദിച്ചു. സർക്കാരിന്റെ ഗ്രാൻഡ് വാങ്ങുന്ന രാമു എന്നൊരദ്ധ്യാപകനെയും ഇവിടെ നിയമിച്ചു. അപ്പോഴാണ് മറ്റൊരു പ്രശ്നം. സ്കൂൾ എവിടെ നടത്തും. സ്ഥലമില്ലാത്തതായിരുന്നു പ്രധാന വെല്ലുവിളി. ഒടുവിൽ സമീപത്ത് പ്രവർത്തിച്ചിരുന്ന മാടക്കടയിലേക്ക് ക്ളാസ് മാറ്റി. ഉറിയാക്കോട് സ്കൂളിൽ ഒന്നാംക്ളാസിൽ പഠിച്ച മകനെ ചെറുകോട് സ്കൂളിൽ വീണ്ടും ഒന്നാംക്ളാസിൽ പഠിപ്പിക്കാൻ തുടങ്ങി.
പിന്നെയും സ്കൂളിനുവേണ്ടിയുള്ള പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. അടുത്തവർഷം ഇൗ സ്കൂളിൽ രണ്ടാം ക്ളാസ് ഉണ്ടാക്കണമെങ്കിൽ സ്ഥലവും കെട്ടിടവും സ്വന്തമായി വേണം.അതിന് വേണ്ടി പലരെയും സമീപിച്ചു. ഒടുവിൽ വേലായുധ കാണി എന്ന ഭൂവുടമ സ്കൂളിനുവേണ്ടി അര ഏക്കർ വസ്തു സ്വമേധയാ നൽകി. അങ്ങനെ രണ്ടാം ക്ലാസ് തുടങ്ങാനായി.
എന്നാൽ, രണ്ടാം ക്ളാസിലേക്ക് ഒരു അദ്ധ്യാപകനെ നിയമിക്കത്തക്കവണ്ണം ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ അന്ന് ബഡ്ജറ്റ് ഇല്ലായിരുന്നു. പൊന്നൂസ് അന്നത്തെ ഏഴാം ക്ളാസ് പാസായ ആളായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിയമനം സ്ഥിരമാണോ അല്ലയോ എന്നതിൽ അപ്പോഴും കൃത്യതയുണ്ടായിരുന്നില്ല. എന്നാൽ അതൊന്നും നോക്കാതെ പൊന്നൂസ് ആ ചുമതല ഏറ്റെടുത്തു. ഒന്നരവർഷം കഴിഞ്ഞപ്പോൾ നിയമനം സ്ഥിരപ്പെടുത്തി അംഗീകാരം ലഭിച്ചു. അതോടുകൂടെ അദ്ദേഹം പൊന്നൂസ് സാർ ആയിത്തീർന്നു.
തുടർന്ന് മൂന്നും നാലും ക്ലാസുകൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങളായി. നിരന്തരമായ നടത്തത്തിന്റെ ഭാഗമായി ആ സ്വപ്നവും പിൽക്കാലത്ത് സാധിക്കാനായി. ചരിത്രത്തിലെന്നും പൊൻലിപികളിലെഴുതേണ്ട പേര് തന്നെയാണ് അദ്ദേഹത്തിന്റേത്. അത്രയധികം കഷ്ടപ്പാടും അധ്വാനവും വിയർപ്പും ഈ സ്കൂളിന് പിന്നിലുണ്ട്.
സ്കൂൾ അനുവദിച്ച കാലംമുതൽ മുളയും കമുകും കൊണ്ടുള്ള മേൽക്കൂരയിൽ ഒാല മേഞ്ഞായിരുന്നു പ്രവർത്തിച്ചിരുന്നത്. വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ 1965 ൽ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം സർക്കാരിൽനിന്ന് അനുവദിച്ചുകിട്ടി. എന്നാൽ, 1968 ലെ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇൗ കെട്ടിടത്തിൽ സ്കൂൾ നടത്താൻ പാടില്ല എന്ന് സർക്കാർ അധികൃതർ പറഞ്ഞതോടെ സ്കൂൾ നടത്താൻ കഴിയാത്ത അവസ്ഥ വന്നു. സ്കൂൾ പൂട്ടിപ്പോകുമെന്ന് വന്നതോടെ പൊന്നൂസ് സാർ സ്വന്തം വീടിനോട് ചേർത്ത് ഒരു സ്കൂൾ നിർമ്മിച്ചു. പിന്നീടുള്ളത് ചരിത്രം. ഒരായുസിന്റെ പ്രയത്നമാണ് അക്ഷരങ്ങളായി ഈ മണ്ണിൽ വിളഞ്ഞത്.
(ലേഖകന്റെ ഫോൺ നമ്പർ: 9447001739)