പെട്രോൾ പമ്പിൽ മാറിക്കൊണ്ടിരിക്കുന്ന അക്കങ്ങളിലായിരിക്കും മിക്കവാറും നമ്മുടെ ശ്രദ്ധ. പെട്രോളടിക്കുന്ന ആൾ പിഴവ് കാട്ടുമോ പറ്റിക്കുമോ എന്ന സംശയവും ഉണ്ടാകും. നഗരത്തിലെ തിരക്കുള്ള ഒരു പമ്പിൽ നിൽക്കുന്ന വൃദ്ധന് പലപ്പോഴും പിഴവ് പറ്റും. ഒന്നോ രണ്ടോ പോയിന്റ് കൂടുതൽ അടിച്ചെന്നുവരും. അതിന്റെ കാശ് അയാളുടെ ശമ്പളത്തിൽ നിന്നു പോകുമെന്നുറപ്പ്.
സുഹൃത്തിന്റെ വാഹനത്തിൽ യാത്ര ചെയ്യവേ യാദൃച്ഛികമായിട്ടാണ് ആ പമ്പിൽ കയറിയത്. അന്നു പൊതുവേ തിരക്ക് കുറവായിരുന്നു. വൃദ്ധനെ പലകുറി പമ്പിൽ വച്ച് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരെ ആരും പരിചയപ്പെടാറില്ല. കാശ് കൊടുക്കുന്നു. പെട്രോളടിക്കുന്നു. അതിലപ്പുറമെന്ത് ബന്ധം. പരിചയപ്പെട്ടതു കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല താനും. അതിനാൽ പലരും അതിന് ശ്രമിക്കാറുമില്ല. എത്രവട്ടം കയറിയാലും അവർ അപരിചിതരായി തന്നെ തുടരും.
സുഹൃത്തിന് വയറിന് ചെറിയ പ്രശ്നം. പമ്പിലെ ടോയ്ലറ്റിൽ പോകണം. ടയറിലെ കാറ്റ് ചെക്ക് ചെയ്യാൻ മാറ്റിയിട്ടിട്ട് സുഹൃത്ത് ടോയ്ലറ്റിലേക്ക് പോയി. വൃദ്ധനോട് വെറുതെ പേരു ചോദിച്ചതാണ്. ജയചന്ദ്രൻ എന്നാണ് പേര്. നഗരത്തിൽ നിന്ന് കുറേ അകലെയാണ് വീട്. നാട്ടിലെ പെട്രോൾ പമ്പിൽ വേണമെങ്കിൽ നിൽക്കാം. പരിചയക്കാർ കളിയാക്കും. അതൊഴിവാക്കാനാണ് നഗരത്തിൽ തന്നെ വരുന്നത് മാസം 8000 രൂപ. മിക്കവാറും കൂടുതൽ പോയിന്റ് അറിയാതെ അടിക്കും. കാരണം മനസ് അക്കങ്ങളിൽ ഒതുങ്ങുന്നില്ല. കുറേ ആളുകളെ കാണാം. പുതുപുത്തൻ വാഹനങ്ങൾ കാണാം. ഇരുപത്തിയഞ്ചു വർഷം ഗൾഫിലായിരുന്നു.
മൂന്ന് ആൺമക്കൾ. എല്ലാവരും ഒരുവിധം കര കയറി. മൂത്തമകൻ ആസ്ട്രേലിയയിൽ... അവിടെ ഒന്നു രണ്ടു വീടുകളുണ്ട്. എങ്കിലും പണത്തിന്റെ ആർത്തിക്ക് ഒരു കുറവുമില്ല. അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കാം. മാസം 25,000 രൂപ ചെലവിനായി അയക്കാമെന്ന വാഗ്ദാനത്തിൽ വീടും സ്ഥലവും എഴുതി വാങ്ങി. ഒരു മാസം പറഞ്ഞ കാശ് അക്കൗണ്ടിൽ വന്നു. പിന്നെ വെറുതെ കാത്തിരിക്കാനാണ് വിധി. മൂത്തമകന് വീടു കൊടുത്തതിന്റെ പേരിൽ മറ്റു രണ്ടു മക്കളും ഇടഞ്ഞു. ഫലത്തിൽ മക്കളെക്കൊണ്ട് ഒരു സഹായവുമില്ല. അതിനുള്ള യോഗമില്ലെന്ന് പറയുന്നതാവും ശരി.
വല്ലപ്പോഴും മക്കൾ അമ്മയെ വിളിച്ച് കുശലം പറയും. പണ്ട് കീശ നിറയെ കാശുണ്ടായിരുന്നപ്പോൾ എന്തൊരു ഡിമാൻഡായിരുന്നു. ഇപ്പോൾ ഭാര്യയും മക്കളും ഒരു സൈഡാ. താൻ പ്രതിപക്ഷത്തും. ആയകാലത്ത് കഠിനാദ്ധ്വാനം ചെയ്ത് കുടുംബത്തെ പോറ്റിയില്ലേ. അപ്പോൾ തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്ന് പഴിച്ചു ബന്ധുക്കളും അകൽച്ചയിലാണ്. എല്ലാം മറക്കാൻ വേണ്ടിയാണ് പമ്പിലേക്ക് വരുന്നത്. സ്വന്തം ജീവിതം ഇന്ധനം തീർന്ന് വഴിയിലായെങ്കിലും ഫുൾടാങ്കടിച്ച് ആഡംബര വാഹനങ്ങൾ പോകുമ്പോൾ നോക്കിനിൽക്കാൻ ഒരു സുഖം. ആരോടെങ്കിലും പറയാനിരുന്ന കുടുംബപുരാണം സ്വന്തം സമാധാനത്തിന് വേണ്ടിയാകും വാലും തുമ്പുമില്ലാതെ അയാൾ പറഞ്ഞൊപ്പിച്ചത്.
മക്കൾക്കായാലും കുടുംബത്തിനായാലും കണക്കില്ലാതെ ചെലവഴിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ ജയചന്ദ്രൻ കുറ്റബോധത്തോടെ വിതുമ്പി. ശരിയാണ്. രാജ്യങ്ങൾക്ക് തമ്മിൽ കരാറൊപ്പിടാം. അന്യരോടാകുമ്പോൾ ഈട് വാങ്ങാം, ജാമ്യം ചോദിക്കാം. സ്വന്തം കുടുംബത്തോട് അത് പറ്റില്ലല്ലോ. ഇത്തരം വാഗ്ദാന ലംഘനങ്ങൾ ആരും പുറത്തു പറയാറില്ലല്ലോ. സുഹൃത്ത് മടങ്ങിയെത്തി വണ്ടി സ്റ്റാർട്ടാക്കുമ്പോൾ പെട്രോളിനനുസരിച്ച് മീറ്ററിലെ അക്കങ്ങളും അയാളുടെ മുഖഭാവവും മാറി കൊണ്ടിരുന്നു.
(ഫോൺ: 9946108220)