കളർ ഫിലിമുകൾ ഇന്ത്യയിൽ സാർവത്രികമായി വന്നു തുടങ്ങും മുമ്പ് 1980 ൽ ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിമിൽ എടുത്ത പടമാണ് ഇത്. രണ്ട് മുട്ടനാടുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഈ ചിത്രം 1984 ൽ പുരസ്കാരം ലഭിച്ചിരുന്നു. മുട്ടനാടുകൾ രണ്ടും രോഷത്തോടെ പിൻ കാലുകളിൽ എഴുന്നേറ്റു നിന്ന് ഏറ്റുമുട്ടുന്നതിന് തൊട്ടു മുമ്പ് എടുത്തതാണ് ഇത്. എഴുന്നേറ്റു നിൽക്കുന്ന ഇവയുടെ മദ്്ധ്യത്തിലായി ഏതാണ്ട് സിമെട്രിക്കലായി റഫറിയെപ്പോലെ ഒരു കുട്ടി നിൽക്കുന്നുണ്ട് എന്നത് ഒരു പ്രത്യേകതയാണ് . 'ആടുകൾ തമ്മിൽ ഇടിക്കുന്ന ചിത്രങ്ങൾ വീണ്ടുമെടുക്കാം. എന്നാൽ ഇങ്ങനെ നിശ്ചിത അകലത്തിൽ റഫറിയെപ്പോലെ ഒരു കുട്ടിയെ ഉൾപ്പെടുത്തി ഇതേ കമ്പോസിഷനിൽ ഒരു ആക്ക്ഷൻ ചിത്രം എടുക്കുക അസാധ്യമാണ് "എന്നയിരുന്നു ജൂറി പരാമർശത്തിലെ ഒരു വാചകം.
ഏതോ കടപ്പുറത്തു വച്ച് തമ്മിൽ കൂട്ടിയിടിക്കുന്ന രണ്ട് മുട്ടനാടുകളുടെ ചിത്രം എന്നാണ് പലരും ഇതിനെ കരുതുന്നത്. കൂനൂരിലെ നല്ല മിസ്റ്റുള്ള ദിവസം സൂര്യപ്രകാശത്തിനെതിരായി യാദൃശ്ചികമായി കിട്ടിയ ഷോട്ടാണ് ഇത്. പ്രഭാത വെളിച്ചത്തിൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫിക്കായി ക്യാമറയുമായി നടക്കമ്പോൾ റോഡരുകിലെ ഒരു കല്യാണമണ്ഡപത്തിന്റെ മുകളിൽ (റോഡിനു സമാന്തരമായിരുന്നു ബിൽഡിംഗിന്റെ ടെറസ് ) രണ്ട് മൂന്ന് ആടുകൾ നിൽക്കുന്നതു കണ്ട് അവയുടെ പടമെടുക്കാൻ കാമറ സജ്ജീകരിക്കുമ്പോൾ പെട്ടെന്ന് രണ്ടെണ്ണം ഇടികൂടാനൊരുങ്ങുന്നു. അങ്ങനെ ഇടിയുടെ ശക്തി മുറുകി ടെറസ്സിൽ നിന്നും റോഡിലേക്ക് വരികയുകയും ഞാൻ ഉടനെ ക്ലിക്ക് ചെയ്യുകയുമായിരുന്നു. അപ്പോഴേക്ക് ലോഡുമായി നീട്ടി ഹോണടിച്ച് കടന്നുവന്ന ലോറി അവയെ ഓടിച്ച് വിട്ടുകളഞ്ഞു. എങ്കിലും എപ്പോഴും ഒറ്റ ക്ലിക്കുകൊണ്ടു് തൃപ്തിപ്പെടാറുള്ള ഞാൻ രാവിലത്തെ ഫോട്ടോ എടുപ്പ് മതിയാക്കി സ്റ്റുഡിയോയിലേക്ക് മടങ്ങി വൈകാതെ പ്രിന്റും അടിച്ചു.
ഇതിനു പിന്നിൽ മറ്റൊരു ഏറ്റുമുട്ടൽ കഥകൂടിയുണ്ട്. എന്റെ ചിത്രത്തിന് ഭീഷണിയായി അവസാനറൗണ്ടിൽ എത്തിയ പടവുമായിട്ടായിരുന്നു അത്. എന്റെ ഈ ചിത്രത്തിന് വെല്ലുവിളി ഉയർത്തിയത് വിമാനത്തിനൊപ്പം പാരലലായി പറന്നുവരുന്ന കഴുകന്റെ ചിത്രമായിരുന്നു. ഒറിജിനൽ തന്നെയാണോ ഇതെന്ന് ആ ചിത്രത്തെക്കുറിച്ച് ജൂറി അംഗങ്ങളിൽ ചിലർക്ക് സംശയം വന്നു. അതോടെ മത്സരഫല തീയതി നീട്ടിവച്ചു അന്വേഷണമായി. ഒടുവിൽ അത് കണ്ടുപിടിച്ചു. ഗൾഫിലേയോ മറ്റോ ബ്രാണ്ടിയുടെ പരസ്യത്തിലെ ചിത്രം അടിച്ചുമാറ്റി വിദഗ്ധമായി നെഗറ്റീവ് ഉണ്ടാക്കിയാണത്രെ മത്സരചിത്രത്തോടൊപ്പം അയച്ചിരുന്നത്.
കുറെ വർഷം കഴിഞ്ഞു് ഏതോ ചടങ്ങിൽ വച്ചു കാർട്ടൂണിസ്റ്റ് യേശുദാസനെ കണ്ടപ്പോൾ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞത്. അന്നത്തെ ജൂറി ചെയർമാൻ അദ്ദേഹമായിരുന്നുവെന്നും ചിത്രം ആരുടെതെന്ന് അറിയാതിരിക്കാൻ ഫാൾസ് നമ്പറിട്ടാണ് ജൂറിക്കു മുമ്പിൽ എത്തിയതെന്നും റിസൾട്ട് പ്രസ്റൂമിൽ വന്നപ്പോഴാണ് വിജയി ഞാനാണെന്ന് അദ്ദേഹം അറിഞ്ഞതെന്നും പറയുകയുണ്ടായി. ടൈറ്റിൽ പോലെതന്നെ മത്സരത്തിലും ശരിക്കും ഇങ്ങനെ ഒരു ഏറ്റുമുട്ടൽകൂടി നടന്നു എന്നകാര്യം അപ്പോഴാണ് ഞാൻ അറിയുന്നത്.