പശ്ചിമഘട്ടത്തിൽ കുറച്ചു വിചിത്ര പക്ഷികളും ഉണ്ട്. അവ അത്ര സാധാരണമല്ല. ചില ഇടതൂർന്ന കാടുകളിലോ, ഉഷ്ണമേഖലാ വനങ്ങളിലോ, നിത്യഹരിത വനങ്ങളിലോ ഒക്കെ മാത്രമേ ഇവയെ കാണാറുള്ളൂ .സാധാരണ പക്ഷികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ രീതികൾ തന്നെ. അതിലൊന്നാണ് മാക്കാച്ചി കാട എന്ന തവള വായൻ. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേ ഇവയെ കാണാറുള്ളൂ. സിലോൺ ഫ്രോഗ് മൗത് എന്ന് ഇംഗ്ലീഷിൽ പറയും. മിക്കവാറും തവളെയെപ്പോലെ വായ് പൊളിച്ചിരിക്കുന്നതു കൊണ്ടാവും ഈ പേര് കിട്ടിയത്.രാത്രിഞ്ചരന്മാരാണ്. പകലും കാണാൻ പറ്റും. പക്ഷേ ഉണക്ക ഇലകൾക്കിടയിൽ ഇരിക്കുന്ന ഇവരെ കണ്ടാൽ തന്നെ നമുക്ക് മനസിലാവണമെന്നില്ല. മറ്റൊരു ഉണക്കയിലയാണെന്നേ തോന്നൂ.
കേരളത്തിൽ അരിപ്പയിലും തട്ടേക്കാടും തേക്കടിയിലും പറമ്പിക്കുളത്തും ആറളത്തും ഒക്കെ ഇവയെ കാണാൻ സാധിക്കും. പക്ഷേ ആ കാടുകൾ നന്നായി അറിയാവുന്ന പക്ഷികളെ തിരിച്ചറിയാൻ കഴിയുന്ന ആരെങ്കിലും കൂടെയില്ലെങ്കിൽ കാണുന്നത് വളരെ ബുദ്ധിമുട്ട്. കാപ്പിപ്പൊടി കറുപ്പ് കലർന്ന ചാര നിറത്തിൽ ആണും തവിട്ടു കലർന്ന ചെങ്കല്ല് നിറത്തിൽ പെണ്ണും.വെള്ളാപ്പള്ളിക്കുത്തുകൾ ശരീരത്തിന്റെ അടിഭാഗത്തുണ്ട്.തവളയുടെ വായ ഓർമിപ്പിക്കുന്ന വലിയ വിസ്താരമേറിയ ചുണ്ടുകൾ. ചെറിയ കാലുകൾ. നീണ്ട കണ്ണുകൾ. കണ്ണുകളിലെ ഭാവം വിവരിക്കാൻ പ്രയാസം. ഒരേ ഇരിപ്പിൽ മണിക്കൂറുകളോളം വായ പൊളിച്ച് ഇരിക്കാറുണ്ട് ഇവർ. പറക്കുന്ന ഷഡ്പദങ്ങളും പ്രാണികളുമൊക്കെ ആണ് ഇവയുടെ ആഹാരം. വായ തുറന്നു വെച്ചാണ് ഇരപിടിക്കുന്നത്.
ഒരേ മരവും കൊമ്പും ഒക്കെ തന്നെയാണ് എപ്പോഴും ചേക്കേറാൻ തിരഞ്ഞെടുക്കുന്നത്. ആ ഭാഗത്ത് എന്തെങ്കിലും ശല്യമുണ്ടായാൽ മാത്രമേ അവർ സ്ഥലം മാറാറുള്ളൂ. ജനുവരി മുതൽ ഏപ്രിൽ വരെ പ്രജനന കാലം. പായലും പൂപ്പും കൊണ്ട് മരക്കൊമ്പിൽ നിർമിക്കുന്ന ഒരു തിട്ടയിൽ പുറം തൂവലുകളുടെ അകത്തുള്ള മൃദുവായ തൂവലുകൾ പൊഴിച്ചിട്ടു അതിന്മേൽ ഒരു വെള്ള മുട്ടയിടുന്നു. കൂടിന്റെ പുറം പായലും കമ്പുകളും കൊണ്ട് മറയ്ക്കുന്നു. വളരെ വിദഗ്ദ്ധമായി മരക്കൊമ്പുകൾ കൊണ്ട് കൂടിനെ മറ്റു പുറത്തുള്ളവർ കാണാതെ മറച്ചും പിടിക്കുന്നു. പകൽ സമയത്തു ആൺപക്ഷിയാണ് കൂടുതൽ അടയിരിക്കാറുള്ളത്. രാത്രി അച്ഛനമ്മമ്മാർ മാറി മാറി അടയിരിക്കുന്നു. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നതിനു ശേഷം കൂടു നശിപ്പിച്ചു കളയുന്നു. ഓരോ പ്രാവശ്യം മുട്ടയിടാനും ഓരോ കൂടുണ്ടാക്കുന്നു. അതേ മരത്തിൽ ഒരു പക്ഷേ അതേ കൊമ്പിൽ തന്നെ. മാതാപിതാക്കളോടൊപ്പം ഇര പിടിക്കാൻ പഠിക്കുന്ന കുഞ്ഞ് കുറച്ചു നാളിനു ശേഷം അവരെ വിട്ടു പോകുന്നു. ഏതാണ്ട് 20- 25 സെ.മീനീളമുള്ള ഈ പക്ഷിയുടെ ഓരോ ഭാവങ്ങൾ കാണാൻ നല്ല രസമാണ്. എണ്ണത്തിൽ കുറവാണെങ്കിലും നിലനിൽപ്പിന് വലിയ ഭീഷണിയൊന്നുമില്ല .