കലാകാരൻ എപ്പോഴും സമൂഹവുമായി അടുത്തിടപഴകണമെന്ന വിശ്വാസക്കാരനാണ് നടൻ ജോയ് മാത്യു. അഭിനയം കാമറയ്ക്ക് മുന്നിലാണ് വേണ്ടത്, പിന്നിൽ നമ്മൾ യഥാർത്ഥ മനുഷ്യരാകണമെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തുറന്ന ചിന്തകളിലൂടെയും വ്യത്യസ്ത നിലപാടുകളിലൂടെയും മുന്നേറുന്ന ജോയ് മാത്യു രാഷ്ട്രീയത്തെ കുറിച്ചും സമൂഹത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നു.
താരങ്ങൾക്ക് സാമൂഹിക പ്രതിബദ്ധത വേണ്ടേ?
ജനങ്ങളുടെ സ്നേഹം ലഭിക്കാൻ വേണ്ടിയാണ് ഓരോ കലാകാരനും തങ്ങളുടെ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നതും നാടകം എഴുതുന്നതും കവിത എഴുതുന്നതുമെല്ലാം ആത്യന്തികമായി ജനങ്ങളുടെ സ്നേഹം ലഭിക്കാൻ വേണ്ടിയാണ്. സമൂഹം നമുക്ക് സന്തോഷം തരുമ്പോൾ അതിൽ പകുതിയെങ്കിലും നമ്മൾ സമൂഹത്തിലേക്ക് തിരിച്ചു നൽകണം. താരങ്ങളെ അമാനുഷികരാക്കുന്നതിൽ മാദ്ധ്യമങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ജനങ്ങളും മാദ്ധ്യമങ്ങളും ഉണ്ടാക്കിയെടുത്തിട്ടുള്ള ഇമേജിനപ്പുറം താരങ്ങൾ എന്തെങ്കിലും പ്രവൃത്തിച്ചാൽ അത് വലിയ ചർച്ചകൾക്ക് വഴിതെളിക്കും. പിന്നെ എല്ലാവരും സമൂഹത്തെ ഉദ്ധരിക്കാൻ വേണ്ടി മാത്രം കലാപ്രവർത്തനം നടത്തിയാൽ അത് വളരെ ബോറാകില്ലേ.
മലയാളികളുടെ സദാചാരത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
മലയാളികൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും അസംതൃപ്തരുമാണ്. ചുറ്റുമുള്ളവരോട് അസൂയയും കുശുമ്പുമാണ്. ഒരു ശരാശരി മലയാളി അവന്റെ ജീവിതം തുടങ്ങുന്നത് തന്നെ അസൂയയിൽ നിന്നാണ്. അടുത്ത വീട്ടിലുള്ള ഒരാൾ കാർ വാങ്ങിയാൽ കടം വാങ്ങിയെങ്കിലും നമ്മളും കാർ വാങ്ങും. കപട സദാചാരമെന്നത് ലൈംഗികതയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. കുടുംബമായി ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് അയാളുടെ ദാമ്പത്യ ജീവിതത്തിൽ ലൈംഗിക ദാരിദ്ര്യം അനുഭവപ്പെടാതെ നോക്കേണ്ടത് അയാൾ തന്നെയാണ്. പെണ്ണിനെ ഉപഭോഗ വസ്തുവായി കാണുന്ന സമൂഹത്തിൽ നിന്നാണ് നമ്മൾ സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത് തന്നെ. ആണുങ്ങൾക്ക് കയറിമറിയാനുള്ള ശരീരം മാത്രമാണ് സ്ത്രീയെന്ന് കരുതുന്നവരോട് എന്ത് പറയാനാണ്. കുടുംബം എന്ന സ്ഥാപനത്തിന്റെ നിലനില്പിനു അച്ചടക്കം ആവശ്യമാണ്. ഒന്നിലും ഒരു നിബന്ധനയും ഇല്ലാതെ സ്വതന്ത്രമായിട്ടാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. വീട് അത്തരത്തിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമായി മാറുമ്പോഴാണ് സമൂഹത്തിലും ആ മാറ്റം പ്രതിഫലിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?
പാർട്ടി അണികൾ അദ്ദേഹത്തെ ഇരട്ടച്ചങ്കനെന്നും വിപ്ലവ സിംഹമെന്നുമൊക്കെ വെറുതേ തള്ളിവിടും. സ്വന്തം മന്ത്രിസഭയിലുള്ളവരെപ്പോലും വിശ്വാസമില്ലാത്ത ആളല്ലേ അദ്ദേഹം. അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ പകരം ചുമതല ഒരു മന്ത്രിയെപ്പോലും ഏല്പിക്കാതെ വാട്സ് ആപ്പ് വഴി നിയന്ത്രിച്ചത് അതിനു തെളിവല്ലേ. ഈ മന്ത്രിസഭയിലെ ഏതെങ്കിലുമൊരു മന്ത്രി പിണറായിക്കെതിരെ നിങ്ങൾ ചെയ്തത് ശരിയല്ലെന്ന് മുഖത്ത് നോക്കി ചോദിക്കുമോ? മുട്ടിടിക്കാതെ പിണറായിയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിക്കുന്ന എത്ര മന്ത്രിമാരുണ്ട്? കേരളത്തിലെ സി.പി.എമ്മിൽ ഇപ്പോൾ പ്രാസംഗികരെയുള്ളൂ, ചിന്തകരില്ല. കോടിയേരിയെപ്പോലുള്ളവരും എം.എം. മണിയെപ്പോലുള്ളവരും തങ്ങളുടെ പ്രസംഗങ്ങളിലൂടെ പരിഹാസ്യരാവുന്ന കാഴ്ചയല്ലേ നാം കാണുന്നത്. എം.എ. ബേബിയെപ്പോലുള്ളവർക്ക് മുൻനിരയിൽ സ്ഥാനംകൊടുക്കാതെ ഒതുക്കി നിറുത്തുകയാണ്.
ഒരു രാഷ്ട്രീയ മാറ്റം കേരളത്തിൽ പ്രതീക്ഷിക്കാമോ?
ഒരു വലിയ മാറ്റം കേരളത്തിൽ അനിവാര്യമാണ്. ജനങ്ങളെ പിന്നോട്ടടിക്കുന്ന ഈ രണ്ടു മുന്നണികൾക്കും ബദലായി പുതിയൊരു മുന്നണി വരേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.
അധികം വൈകാതെ താങ്കളുടെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രതീക്ഷിക്കാമോ?
ഒന്നും പറയാറായിട്ടില്ല. എന്നെപ്പോലെ ചിന്തിക്കുന്ന കുറച്ചു ചെറുപ്പക്കാർ എന്നൊടൊപ്പമുണ്ട്. ഞങ്ങൾ പല നവീനപരിപാടികളും ആലോചിച്ചു നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്. തീർത്തും ഇടതുപക്ഷ(പുരോഗമന) ചിന്താഗതിയുള്ള ആൾ ക്കാരുടെ കൂട്ടായ്മയായിരിക്കും അത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ മാത്രമല്ല ഇടതുപക്ഷം. നാടു നന്നാവണമെന്ന് ആ ഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാർ കോൺഗ്രസ് പാർട്ടിയിലും മുസ്ളീം ലീഗിലുമൊക്കെയുണ്ട്. ഇതിലൊന്നും പെടാത്ത നിരവധി ചെറുപ്പക്കാർ കേരളത്തിലും പുറത്തുമുണ്ട്. ഇവരുടെയൊക്കെ നേതൃത്വത്തിൽ കേരളത്തിൽ ഒരു മാറ്റം നടക്കു മെന്നാണ് എന്റെ വിശ്വാസം.
വെട്ടിത്തുറന്നു പറയാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയതാണ്?
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് . പറയാനുള്ള കാര്യം മുഖത്തു നോക്കി വെട്ടിത്തുറന്നു പറഞ്ഞിട്ട് ജോലി ഉപേക്ഷിച്ചു പോയിട്ടുള്ള ആളാണ്.എനിക്കിപ്പോൾ 50 വയസ് കഴിഞ്ഞു. 50 വയസിനു ശേഷം ലഭിക്കുന്ന ഓരോ ദിവസവും എനിക്ക് ബോണസാണ്. അത്രയും വിലപിടിപ്പുള്ള ഈ ജീവിതത്തിൽ ഞാനെന്തിനാണ് മറ്റുള്ളവരെ സുഖിപ്പിക്കുന്നത്.