തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത നിർമ്മാണത്തിന് സ്‌റ്റോപ്പ് മെമോ നൽകിയ ദേവികുളം സബ്‌കളക്‌ടർ രേണുരാജിനെ അവഹേളിച്ച എസ്.രാജേന്ദ്രൻ എം.എൽ.എയെ കണക്കിന് പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചയ്‌ക്കിടെ ആയിരുന്നു ജയശങ്കറും എം.എൽ.എയും ഏറ്റുമുട്ടിയത്. ചർച്ചയുടെ ഒരു വേളയിൽ തന്നോട് മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞ എം.എൽ.എയോട്, ഞാൻ നിങ്ങളെ പോലെ പഠിച്ച പണ്ഡിതനല്ലെന്ന ജയശങ്കറിന്റെ മറുപടി അവതാരകനിലും ചിരിപടർത്തി.
കേരളത്തിലെ മിടുക്കരായ ആൺകുട്ടികളോടും പെൺകുട്ടികളോടും തനിക്ക് ഒരു അപേക്ഷയെ ഉള്ളൂവെന്നും, അത് അവരാരും തന്നെ സിവിൽ സർവീസിന് പോകരുതെന്നാണെന്ന് ജയശങ്കർ പറഞ്ഞു. കാരണം രാജേന്ദ്രനെയും മണി ആശാനെയും പോലുള്ള 'അതി പ്രതിഭ'കളുടെ വായിലിരിക്കുന്ന തെറി കേൾക്കേണ്ടി വരുമെന്നത് കൊണ്ടാണെന്ന് ജയശങ്കർ പരിഹസിച്ചു. ഇതിൽ പ്രകോപിതനായായിരുന്നു രാജേന്ദ്രന്റെ 'മാന്യതാ' പരാമർശം.
ഇതിന് ജയശങ്കർ മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു-
'എന്റെ രാജേന്ദ്രാ ഒന്ന് മിണ്ടാതിരിക്ക്. ഞാനൊന്ന് പറഞ്ഞോട്ടെ. എനിക്ക് നിങ്ങടത്ര മാന്യതയൊന്നുമില്ല. ഞാനൊരു തല്ലിപ്പൊളിയാണ്. ഗുണ്ടായിസം നടത്തുന്ന ആളാണ്. തല്ലിപ്പൊളിയായ ജയശങ്കർ പറയുന്നു, ഇദ്ദേഹത്തെ പോലുള്ള മാന്യന്മാരുടെ വായിലിരിക്കുന്നത് കേൾക്കാനായിട്ട് പെൺകുട്ടികളോ ആണകുട്ടികളോ സിവിൽ സർവീസിന് പോകരുത്. നേരത്തെ നമ്മുടെ ശ്രീറാം വെങ്കിട്ടരാമനുണ്ടായ അനുഭവം നമുക്ക് ഓർമ്മയുണ്ടല്ലോ? മണിയാശാനെ പോലുള്ള മന്ത്രിമാരുടെ വായിലിരിക്കുന്നത് നമ്മൾ കേട്ടല്ലോ?
സ്ത്രീ ശാക്തീകരണം എന്താണ്. തൊഴിലുറപ്പുകാരല്ലാതെ ഇടുക്കി ജില്ലയിൽ നിന്ന് വനിതാ മതിലിന് ആരെങ്കിലും വന്നിട്ടുണ്ടോ? തൊഴിലുറപ്പുക്കാര് വന്നു. കുടുംബശ്രീക്കാര് വന്നു. അവരെന്താ വന്നത്, അവരുടെ അന്നത്തെ കൂലി പോകും എന്ന ഭയം കൊണ്ടു വന്നതാണ്. അല്ലാതെ വനിതാ മതിലിനു വല്ല കഥയുണ്ടോ? ജനുവരി ഒന്നാം തീയതി വനിതാ മതിലു നടത്തി. രണ്ടിനു പുലർച്ചെ സ്ത്രീകൾ ശബരിമലയിൽ കയറി. അതോടുകൂടി നവോത്ഥാനം അവസാനിച്ചു. ഇനിയെന്തു നവോത്ഥാനം'.