തിരുവന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന് കർശന നിർദേശങ്ങളുമായി സി.പി.എം നേതൃത്വം. ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളാണ് പദ്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത് പാടില്ലെന്നും പദ്മകുമാർ പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നുമുള്ള നിർദേശമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയത്. രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാർട്ടിക്കു വിധേയനായി പ്രവർത്തിക്കണമെന്ന കർശന നിർദേശമാണു പാർട്ടി പത്മകുമാറിനു നല്കിയിരിക്കുന്നത്.
സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പദ്മകുമാർ ആറന്മുളയിൽ നടത്തിയ പ്രസ്താവന യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ താത്പര്യപ്രകാരമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പദ്മകുമാർ രാഷ്ട്രീയ എതിരാളികളുമായി നിരന്തര സമ്പർക്കം പുലർത്തുന്നു എന്ന സംശയവും പാർട്ടി നേതാക്കൾക്കിടയിൽ ശക്തമാകുകയാണ്. അനുകൂല നിലപാട് സ്വീകരിച്ച പദ്മകുമാർ ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും മലക്കംമറിഞ്ഞതും ഇവരുടെ ഇടപെടൽ കാരണമാണെന്ന് പാർട്ടിക്ക് സൂചന ലഭിച്ചിരുന്നു.
സുപ്രീം കോടതിയിലേക്ക് ദേവസ്വം ബോർഡ് കമ്മീഷണറെ അയക്കുന്നതിന് മുൻപ് കൃത്യമായ നിർദേശം നൽകിയില്ലെന്നത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീഴ്ചയായിട്ടാണ് പാർട്ടി നേതൃത്വം കാണുന്നത്. കേസ് നടത്തിപ്പിനായി മൂന്ന് പേരാണ് പോയതെങ്കിലും തന്നെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നിലപാടായിരുന്നു പദ്മകുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പദ്മകുമാറിനെ നിയന്ത്രിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നത്.
പദ്മകുമാർ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബോർഡിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ല എന്ന് എൻ.വാസു പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ എതിരാളികളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന സംശയം നേതാക്കന്മാർക്കിടയിൽ തന്നെ നിലനിൽക്കുന്ന സാഹചര്യമാണ്. അതുകൊണ്ട് പദ്മകുമാർ പാർട്ടിക്ക് പുറത്തേക്ക് പോകുകയല്ല പാർട്ടിക്ക് വിധേയനാവുകയാണ് വേണ്ടതെന്ന നിലപാടിലാണ് സി.പി.എം.