പാറ്റ്ന : പ്രതിരോധ ഇടപാടിൽ കേന്ദ്ര സർക്കാരിനെതിരെ അഴിമതി ആരോപണം തുടർച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി കാട്ടി എന്ന് ആരോപിക്കുന്നവർ ആർക്ക് വേണ്ടിയാണ് അദ്ദേഹം പണം സമ്പാദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചോദിക്കുന്നു. മോദിയെ ഏറെ നാളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനാവില്ല. സ്വന്തമായി ആരുമില്ലാത്ത മോദി എന്തിനാണ് അഴിമതിയിലൂടെ പണം സമ്പാദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാര്യയ്ക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ പണം സമ്പാദിക്കേണ്ട ആവശ്യം നരേന്ദ്ര മോദിയ്ക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കുപ്രചരണങ്ങളെ അതിജീവിച്ച് നരേന്ദ്ര മോദിയ്ക്ക് കീഴിൽ തന്നെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും, പ്രതിപക്ഷം ഉയർത്തുന്ന വെല്ലവിളികൾ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.