kerala

മുക്കം: യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. അജ്മാനിലെ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നതെന്നാണ് സംഘത്തിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ.

വീട്ടുജോലിക്കായെന്ന് പറഞ്ഞ് ആദ്യം യു.എ.ഇയിലെത്തിക്കും തുടർന്ന് ഒമാനിലേക്ക് കടത്തുകയും അവിടെയുള്ള ഏജന്റുമാർക്ക് സ്ത്രീകളെ വിൽക്കുകയാണ് ചെയ്യുന്നതെന്നും യുവതി വ്യക്തമാക്കി. ജീവിക്കാനുള്ള വഴിതേടി എത്തുന്ന നിരവധി സ്ത്രീകളാണ് ചതിയിൽ പെടുന്നതെന്ന് ഇവർ വ്യക്തമാക്കി

വീട്ടുജോലി നൽകാമെന്ന വാഗ്ദാനവുമായി കോഴിക്കോടുള്ള ഒരു വ്യക്തിയാണ് തന്നെ യു.എ.ഇയിലേക്ക് അയച്ചത്. അജ്മാനിൽ എത്തിയ ശേഷം സുജ എന്ന പേരിൽ പരിചയപ്പെടുത്തിയ മലയാളി സ്ത്രീയുടെ കൂടെ കുറച്ച് ദിവസം ഫ്ലാറ്റിൽ താമസിപ്പിച്ചു. തുടർന്ന് അവർ തന്നെ ഒമാനിലെ ഏജന്റിന് വിൽക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. തുടർന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ ചൂലൊടിച്ച് നടുവിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് യുവതി വ്യക്തമാക്കി.

സന്ദർശന വിസയിലാണ് യുവതികളെ യു.എ.ഇയിൽ എത്തിക്കുന്നത്. ഇത്തരത്തിൽ പതിനഞ്ചോളം സ്ത്രീകളാണ് വിവിധയിടങ്ങളിൽ തടവിൽ ക്രൂരതയനുഭവിച്ച് കഴിയുന്നത്. മാസങ്ങൾക്ക് ശേഷമാണ് ഇവരിൽ പലർക്കും സ്വന്തം വീട്ടിലുള്ളവരോട് പോലും സംസാരിക്കാൻ സാധിച്ചതെന്ന് യുവതി പറഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ടാണ് മുക്കം സ്വദേശിനിയായ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചത്.