ഉത്സവ സീസണായാൽ ആന ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ പതിവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും ഗുരുവായൂരിൽ ആനയിടഞ്ഞ് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ വന്യജീവിയായ ആനയെ ക്രൂരമായി ദ്രോഹിച്ചാണ് ഓരോ ഉത്സവത്തിനും പരിപാടിയിലും കൊണ്ടുവരുന്നതെന്നും അതിനാൽ ആന ചവിട്ടിയോ കുത്തിയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോൾ ഒട്ടും സഹതാപമില്ലെന്നും അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു. ആനകളെ പീഡിപ്പിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും ആനപ്രേമത്തിന്റെ പേരിൽ അവയെ എഴുന്നള്ളിക്കുന്ന സ്ഥലത്ത് പോയി നിൽക്കുന്നത്, എതിർക്കാതെ അതാസ്വദിക്കുന്നത് തന്നെ ഈ ക്രൂരതയ്ക്കുള്ള ധാർമ്മിക പിന്തുണയാണ്. കോടികളുടെ കച്ചവടമാണ് ആന എഴുന്നള്ളിപ്പിലൂടെ നടക്കുന്നത് അതിനാൽ തന്നെ ലക്ഷങ്ങൾ ചെലവഴിച്ചാണ് നിയമലംഘനം ആനമുതലാളിമാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ആനയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതയുടെ ഒരംശം മാത്രമേ തിരികെ കിട്ടുന്നുള്ളൂവെന്നും, ഈ ക്രൂരത കണ്ട് ആസ്വദിക്കാൻ പോകുന്നവർ ആരായാലും ആനയുടെ ചവിട്ടേറ്റ് മരിച്ചാൽ സന്തോഷമാണുള്ളതെന്നും അദ്ദേഹം കുറിക്കുന്നു.
കുറേ മനുഷ്യർ ഇനിയും ആനയുടെ ചവിട്ടുകൊണ്ടു ചാകണേ എന്നാണ് പ്രാർത്ഥന, ഈ പീഡനം നിർത്താൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഏറെ നാളായി മോദിയെ അറിയാം, ആർക്ക് വേണ്ടിയാണ് അദ്ദേഹം സ്വത്ത് സമ്പാദിക്കേണ്ടതെന്ന് രാജ്നാഥ് സിംഗ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആന ചവിട്ടയോ കുത്തയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോൾ ഒട്ടും സഹതാപമോ അനുതാപമോ തോന്നാറില്ല. ആ വന്യജീവിയെ ക്രൂരമായി ദ്രോഹിച്ചാണ് ഓരോ ഉത്സവത്തിനും പരിപാടിയിലും കൊണ്ടുവരുന്നത് എന്നറിയാത്ത ഒരാളും ഇന്നാട്ടിൽ ഉണ്ടാവില്ല. സഹികെടുമ്പോഴൊക്കെ അത് തിരിച്ചടിച്ച വാർത്തകൾ അറിയാത്തവരും ഇല്ല. ദ്രോഹിച്ചു കണ്ണിനു കാഴ്ച പോലും കളഞ്ഞ ആനകളെ മനുഷ്യരുടെ ആനപ്രേമമെന്ന വിലകുറഞ്ഞ പൊങ്ങച്ചത്തിനു വേണ്ടി എഴുന്നള്ളിക്കുന്ന സ്ഥലത്ത് പോയി നിൽക്കുന്നത്, എതിർക്കാതെ അതാസ്വദിക്കുന്നത് തന്നെ ഈ ക്രൂരതയ്ക്കുള്ള ധാർമ്മിക പിന്തുണയാണ്. ബീഹാറിൽ നന്നോ നോർത്ത് ഈസ്റ്റിൽ നന്നോ കൊണ്ടുവരുന്ന ആനയ്ക്ക് സവർണ്ണ ഹിന്ദു പേരുമിട്ടു സീസണിൽ ലേലത്തിൽ വിറ്റു, ക്രൂരമായി പീഡിപ്പിച്ചു, രോഗാവസ്ഥയിലും വെറ്റിനറി ഡോക്ടർമാർക്ക് കൈക്കൂലി നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമ്പാദിച്ചു കച്ചവടത്തിന് ഇറക്കുന്ന ഈ ദ്രോഹത്തിനു മൗനാനുവാദം നൽകുന്ന എല്ലാവർക്കും ആ ക്രൂരതയിൽ പങ്കുണ്ട്.
ക്ഷമ നശിക്കുന്ന ഏതോ നിമിഷത്തിൽ എല്ലാം മറന്നു ആ മിണ്ടാപ്രാണി പ്രതികരിക്കുമ്പോൾ ചിലർ മരിക്കുന്നു. ചിലർക്ക് സാരമായ പരിക്ക് പറ്റുന്നു. സർക്കാർ, കോടതി, എല്ലാവർക്കും അവരവരുടേതായ പങ്കുള്ള ഈ ആനദ്രോഹം കോടികളുടെ കച്ചവട മേഖല കൂടിയാണ്. അതുകൊണ്ട് തന്നെ ലക്ഷങ്ങൾ ഇറക്കി ഈ സിസ്റ്റത്തെ തന്നെ വിലയ്‌ക്കെടുത്ത് ആണ് ഈ നിയമലംഘനം ആനമുതലാളിമാർ നിലനിർത്തുന്നത്.
ആനയോട് ചെയ്യുന്ന ദ്രോഹത്തിന്റെ ആയിരത്തിൽ ഒരംശമേ മനുഷ്യർക്ക് തിരികെ കിട്ടുന്നുള്ളൂ. ആനയെ ക്രൂരമായി ദ്രോഹിച്ചു പരിശീലിപ്പിച്ചു നാട്ടാനയാക്കി എഴുന്നള്ളിക്കുന്നത് കാണാനും ആസ്വദിക്കാനും പോകുന്ന മനുഷ്യർ ആരായാലും അവർ ആനയുടെ ചവിട്ടുകൊണ്ടു മരിച്ചു എന്നു കേൾക്കുന്നതിന് എനിക്ക് ഇപ്പോൾ ക്രൂരമായ ഒരു സന്തോഷമുണ്ട്. അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെങ്കിലും എന്റെ പ്രാർത്ഥന ഇനിയും അങ്ങനെ കുറേ കുറേ മനുഷ്യർ ആനയുടെ ചവിട്ടുകൊണ്ടു ചാകണേ എന്നാണ്, അവരെത്ര നിഷ്‌കളങ്കരാണെങ്കിലും..
ആ മിണ്ടാപ്രാണിയെ ക്രൂരമായി ദ്രോഹിക്കുന്നത് നിർത്താൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല.