andra-channel-

ഹൈദരാബാദ്: സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള ചാനൽ വിറ്റതിനെ തുടർന്ന് പാർട്ടിയിൽ വിവാദവും അന്വേഷണവും. ആന്ധ്രാപ്രദേശിൽ പ്രവർത്തിച്ചു വരുന്ന 10 ടി.വി എന്ന തെലുങ്ക് ചാനൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് വിറ്റതിനെ തുടർന്നാണ് സി.പി.എമ്മിൽ വിവാദം കനക്കുന്നത്. സംഭവത്തെ തുടർന്ന് കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉന്നത നേതാക്കൾ അറിയിച്ചു. ഇതുകൂടാതെ 127.71 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടെന്ന ആരോപണത്തിന്റെ പേരിൽ ആന്ധ്രാ സി.പി.എമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിനെതിരെ പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് ചാനലും.

അതേസമയം, പ്രജാശക്തി ഉൾപ്പെടെ രാജ്യത്തെ 18 കമ്പനികൾക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ-കോർപറേറ്റ്കാര്യ സഹമന്ത്രി പി.പി. ചൗധരി കഴിഞ്ഞ 4ന് ലോക്സഭയെ അറിയിച്ചിരുന്നു. പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാർഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതിൽ പണം വന്നതെന്നാണു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചാനലിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോ അംഗം ബി.വി രാഘവലു ഉൾപ്പടെയുള്ള ചില നേതാക്കൾക്കെതിരെ കഴിഞ്ഞ മാർച്ചിൽ പരാതി ലഭിച്ചിരുന്നു.എന്നാൽ അന്വേഷണത്തിന് പാർട്ടി നേതൃത്വം തയ്യാറാവാത്തതോടെ വീണ്ടും പരാതി നൽകുകയായിരുന്നു. തുടർന്ന് സർക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം നടത്താൻ പി.ബി തീരുമാനിച്ചത്.