നുണപ്രചാരണത്തിന് നോബൽ സമ്മാനം കിട്ടേണ്ട വ്യക്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു നുണ ഒരായിരം തവണ പറഞ്ഞ് സത്യമാക്കി മാറ്റി രാഷ്ട്രീയലാഭം കൊയ്തിട്ടുള്ള പാർട്ടിയാണ് സി.പി.എം. കോടിയേരി ബാലകൃഷ്ണൻ നിരന്തരം കല്ലുവച്ച നുണകൾ പ്രസംഗത്തിലൂടേയും ലേഖനത്തിലുടേയും നടത്തുന്നതിൽ അത്ഭുതമില്ല.
ഇത്തരം കുപ്രചാരണങ്ങൾ കോൺഗ്രസിനെതിരെ നിരന്തരം നടത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ഇ.എം.എസിന്റെ കാലം മുതൽ സി.പി.എം ശ്രമിച്ചു വരികയാണ്. നട്ടാൽ കുരുക്കാത്ത നുണകൾ കോൺഗ്രസിനെതിരെ നിരന്തരം അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് താത്കാലിക വിജയം നേടാൻ ആ പാർട്ടി ആരംഭകാലം മുതൽ നടത്തിയിട്ടുള്ള തന്ത്രമാണ്. കോൺഗ്രസിന്റേത് അതിര് കടന്ന രാഷ്ട്രീയാഭാസം എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളുടെ ഇടയിൽ സി.പി.എമ്മിനെ പരിഹാസപാത്രമാക്കും. "സംഘപരിവാറിന് നിർലജ്ജം കീഴ്പ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം ആത്മഹത്യാപരവും അപകടകരവുമാണെന്ന് " കോടിയേരി പറയുന്നുണ്ട്. കുരുടൻ ആനയെ കണ്ടതിന് തുല്യമായിട്ടുള്ള അദ്ദേഹത്തിന്റെ ജല്പനങ്ങൾ അരി ആഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയാണ് സി.പി.എം. ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതിയിൽ നിന്നും സർക്കാർ ചോദിച്ചു വാങ്ങിയ വിധി ധൃതിപിടിച്ച് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നേട്ടം ബി.ജെ.പി/സംഘപരിവാർ ശക്തികൾക്കായിരുന്നല്ലോ? തമ്മിലടിച്ചും പരസ്പരം കുതികാൽവെട്ടിയും മുന്നോട്ടു പോയ കേരളത്തിലെ ബി.ജെ.പി /ആർ.എസ്.എസിന് കേരളത്തിൽ കരുത്താർജ്ജിക്കാനുള്ള വഴിമരുന്നിട്ടു കൊടുത്തത് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരുമല്ലേ?
വത്സൻ തില്ലങ്കേരിയെ പോലെയുള്ള ആർ.എസ്.എസ് പ്രചാരകർക്ക് ശബരിമലയിൽ അഴിഞ്ഞാടാൻ അവസരം കൊടുത്തത് ആര് ? ആചാര ലംഘനം നടത്തി 18 - ാം പടിയിൽ നിന്നുകൊണ്ട് മൈക്ക് അനൗൺസ്മെന്റ് വരെ നടത്തിയ വത്സൻ തില്ലങ്കേരിക്ക് ചുവപ്പ് പരവതാനി വിരിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ പൊലീസല്ലേ?
മലയിൻകീഴ്, കോട്ടുകാൽ, വയനാട്ടിലെ തരിയോട് പഞ്ചായത്തുകളിൽ കോൺഗ്രസ് ഒരിക്കലും ബി.ജെ.പിയുമായി കൂട്ടുകൂടിയിട്ടില്ല. ഈ പഞ്ചായത്തുകളിലെ സി.പി.എമ്മിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ബി.ജെ.പിയുടെ വോട്ട് ഇല്ലെങ്കിലും ഈ പഞ്ചായത്തുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാനുള്ള മെമ്പർമാരുടെ എണ്ണം കോൺഗ്രസിനുള്ള കാര്യം കോടിയേരി മറക്കരുത്.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണവും അഴിമതിയും അവസാനിപ്പിക്കാൻ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാൻ ആൾബലമില്ലാത്തതിനാൽ ബി.ജെ.പി യു.ഡി.എഫിന്റെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ടാകാം. ബി.ജെ.പിയുടെ പിന്തുണയില്ലെങ്കിലും മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫിന് നിഷ്പ്രയാസം ജയിക്കാൻ കഴിയുമായിരുന്നു. വസ്തുതകൾ ഇതായിരിക്കെ സി.പി.എം സെക്രട്ടറിയുടെ ചാരിത്രൃപ്രസംഗം ആടിനെ പട്ടിയാക്കുന്നതു പോലെയാണ്.
ബി.ജെ.പി/ആർ.എസ്.എസ്/സംഘപരിവാർ സംഘടനകളുമായി ഇന്നേവരെ യാതൊരു തരത്തിലുമുള്ള സഖ്യചർച്ചകളും ഞങ്ങൾ നടത്തിയിട്ടില്ല. ബി.ജെ.പിയുമായും സംഘപരിവാർ സംഘടനകളുമായും കോൺഗ്രസിന് ഒരിക്കലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ സാധ്യമല്ല. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആർ.എസ്.എസിനോടും സംഘപരിവാർ സംഘടനകളോടുമുള്ള കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. സി.പി.എമ്മിനെപ്പോലെ അധികാരത്തിന് വേണ്ടി ആരുമായും അവിശുദ്ധ ബന്ധം പുലർത്തുന്ന പാർട്ടിയല്ല കോൺഗ്രസ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഇന്ത്യയുടെ മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ടും ജനാധിപത്യ മതേതരത്തിൽ ഊന്നിനിന്നു കൊണ്ടുള്ള രാഷ്ട്രീയ നിലപാടുകളാണ് ഞങ്ങൾക്കുളളത്.
കോൺഗ്രസിനെ പരാജയപ്പെടുത്താനും ആറടി മണ്ണിൽ കുഴിച്ചുമൂടാനുമായി 1957 കാലം മുതൽ ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലും ഇന്ത്യയിലും അന്വേഷണം നടത്തിയിട്ടും അതിൽ വിജയം കണ്ടില്ല. 1977 ൽ കോൺഗ്രസ് നേതൃത്വം കൊടുത്ത ഐക്യമുന്നണിക്ക് എതിരെ ആർ.എസ്.എസിന്റെ ഇന്നത്തെ പതിപ്പായ ബി.ജെ.പിക്ക് പകരമുണ്ടായിരുന്ന ജനസംഘവുമായി ഒത്തുചേർന്ന് മത്സരിച്ചത് കോടിയേരി ബാലകൃഷ്ണൻ മറന്നിരിക്കുന്നത് മനഃപൂർവമാണ്. ഉദുമയിൽ ജനസംഘം നേതാവായ കെ.ജി.മാരാർക്ക് വേണ്ടി സി.പി.എം പ്രവർത്തിച്ചത് എല്ലാവരും കണ്ടതാണ്. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ജനസംഘം സ്ഥാനാർത്ഥിയായിരുന്ന ഒ.രാജഗോപാലിനെ സി.പി.എം പിന്തുണച്ചത് കോടിയേരി സൗകര്യപൂർവം മറക്കുകയാണ്.
അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ സി.പി.എം കാലങ്ങളായി അവസരവാദപരമായ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസിനെ ആറടി മണ്ണിൽ കുഴിച്ചുമൂടുമെന്ന് പലഘട്ടങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതാണ്. കോൺഗ്രസിനെ ആറടി മണ്ണിൽ കുഴിച്ചു മൂടാൻ സി.പി.എമ്മും ആർ.എസ്.എസ് സംഘപരിവാർ സംഘടനകളും രഹസ്യമായും പരസ്യമായും ബന്ധത്തിൽ ഏർപ്പെട്ടത് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പഞ്ചായത്തുകളിൽ നടക്കുന്ന ഭരണമാറ്റങ്ങളെ കോൺഗ്രസിനേയും ആർ.എസ്.എസിനേയും തമ്മിൽ കൂട്ടിക്കുഴച്ച് അതിലൂടെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് സർക്കാരിന് പിടിച്ചു നിൽക്കാനുള്ള കച്ചിത്തുരുമ്പ് കണ്ടെത്തുകയാണ് കോടിയേരി ബാലകൃഷ്ണൻ ചെയ്യുന്നത്. പുകമറ സൃഷ്ടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഗീബൽസ് തന്ത്രം കേരളത്തിൽ വിലപ്പോകില്ല.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ലഭിച്ച ആവേശകരമായ സ്വീകരണവും വമ്പിച്ച ജനപങ്കാളിത്വവും കണ്ട് വിറളിപിടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജനമഹായാത്രയ്ക്ക് നേരെ ആക്ഷേപവും ആരോപണവും അഴിച്ചു വിട്ടിരിക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിലും യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ ജനമഹായാത്രയിൽ ജനാധിപത്യ വിശ്വാസികളും മതേതര വിശ്വാസികളും അണിനിരന്നു കഴിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ ശബരിമല യുവതീ പ്രവേശനത്തിൽ അനാവശ്യമായി ഇടപെട്ട് ഹൈന്ദവ വിശ്വാസികളുടെ ആചാരനുഷ്ഠാനങ്ങൾ തച്ചുതകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് എതിരേയുമുള്ള പടയോട്ടത്തിന്റെ ജനമഹായാത്ര അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനമഹായാത്ര നാല് ജില്ലകളിൽ പര്യടനം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം രചിക്കുകയാണ്. ഈ ജനമഹായാത്രയിൽ പാർട്ടി പ്രവർത്തകർ ഭവനസന്ദർശനം നടത്തി സമാഹരിച്ച ചില്ലിക്കാശാണ് പാർട്ടി പ്രവർത്തനത്തിന്റെ ഫണ്ടായി സ്വീകരിക്കുന്നത്.അതിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റികൾക്ക് എതിരെ സംഘടനാപരമായ അച്ചടക്ക നടപടികൾ എടുത്തതിനെ കോടിയേരി ബാലകൃഷ്ണൻ കളിയാക്കിയത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്.
കോൺഗ്രസ് പാർട്ടിയുടെ സംഘടനാ പ്രവർത്തനം എങ്ങനെ നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പഠിപ്പിക്കേണ്ടതില്ല. ഇതിന് മുമ്പും പാർട്ടി പ്രവർത്തനത്തിൽ വീഴ്ച വരുത്തിയവർ കോൺഗ്രസ് പാർട്ടിയിൽ അച്ചടക്ക നടപടിക്ക് വിധേയരായിട്ടുണ്ട്. എന്നാൽ അച്ചടക്ക നടപടിക്ക് വിധേയരായ കമ്മിറ്റികൾ അവർക്ക് നല്കിയിട്ടുള്ള ഫണ്ട് സമാഹരിച്ചു വരുമ്പോൾ ഈ നടപടികൾ പിൻവലിക്കാറാണ് പതിവ്. ഇത് താത്കാലികമായ ഒരു നടപടിക്രമം മാത്രമാണ്. സി.പി.എമ്മിനെപ്പോലെ വെട്ടിനിരത്തലല്ല കോൺഗ്രസിന്റെ സംഘടനാ രീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ മനസിലാക്കണം.
(കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാണ് ലേഖകൻ)