nithish-bharadwaj-lal

മഹാഭാരതം എന്ന ടെലിവിഷൻ സീരിയൽ കണ്ടവരാർക്കുംതന്നെ മറക്കാനാകാത്ത രൂപമാണ് ശ്രീകൃഷ്‌ണൻ. ആ കഥാപാത്രമായി നിറഞ്ഞാടിയത് നടൻ നിതീഷ് ഭരദ്വാജായിരുന്നു. നമ്മൾ മലയാളികൾക്ക് നിതീഷ്, ഗന്ധർവൻ കൂടിയാണ്. ഇതിഹാസ ചലച്ചിത്രകാരൻ പദ്‌മരാജന്റെ 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിലെ നായകനായെത്തി നിതീഷ് വീണ്ടും അത്ഭുതപ്പെടുത്തുകയായിരുന്നു. ചിത്രമിറങ്ങി 28 വർഷം പിന്നിടുമ്പോഴും ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രമായി ഞാൻ ഗന്ധർവൻ മാറുന്നതിന് പിന്നിലെ ഘടകങ്ങൾ ഏറെയാണ്.

nithish-bharadwaj

കാര്യങ്ങൾ അങ്ങനെയാണെങ്കിലും ജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്‌ടം മലയാളസിനിമയിൽ നിന്നു തന്നെയാണെന്നു പറയുകയാണ് അദ്ദേഹം. നടൻ മോഹൻലാലിനെയും തന്നെയും പ്രധാനകഥാപാത്രങ്ങളാക്കി പദ്‌മരാജൻ ഒരു ചിത്രം പ്ളാൻ ചെയ്‌തിരുന്നു. രണ്ട് സഹോദന്മാരുടെ കഥയായിരുന്നു അത്. നിർമ്മാതാവും തയ്യാറായിരുന്നു. എന്നാൽ അതിനിടയിലായിരുന്നു പദ്‌മരാജന്റെ മരണം. മോഹൻലാൽ എന്ന ലജന്റിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം അങ്ങനെ തനിക്ക് നഷ്‌ടപ്പെടുകയായിരുന്നുവെന്ന് നിതീഷ് പറഞ്ഞു. ഒരു പക്ഷേ ആ ചിത്രം സംഭവിച്ചിരുന്നുവെങ്കിൽ താൻ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കിയിരുന്നേനെയെന്നും നിതീഷ് വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്കുശേഷമാണ് നിതീഷ് ഭരദ്വാജ് കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയിൽ തുടങ്ങിയ പപ്പേട്ടൻസ് കഫേ സന്ദർശിക്കാനെത്തിയതായിരുന്നു താരം.