കൊച്ചി : തൃപ്പൂണിത്തുറയിലെ ശീതളപാനീയ കടയിൽ നിന്നും പാനിപൂരി കഴിച്ച വീട്ടമ്മ ഛർദിച്ച് അവശയായി. തൃപ്പൂണിത്തുറ സ്വദേശിയായ മോഹനനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് കുടുംബത്തോടൊപ്പം എത്തി കടയിൽ നിന്നും പാനിപൂരി വാങ്ങിയത്. പാനിപൂരി രുചിച്ചപ്പോൾ തന്നെ വീട്ടമ്മയ്ക്ക് അസ്വസ്ഥയുണ്ടാവുകയായിരുന്നു. സ്ഥാപനത്തിലുള്ളവരോട് പരാതി പറഞ്ഞപ്പോൾ മോശമായി പെരുമാറിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിപ്പെടുകയും അവർ പരിശോധന നടത്തുകയും ചെയ്തു.
ആലുവ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
ദുർഗന്ധം വമിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത പാനിപൂരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്കയക്കാനായി ശേഖരിച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമേ ശരിക്കുള്ള കാരണം വ്യക്തമാവുകയുള്ളൂ.