devikulam-issue

മൂന്നാ‌ർ: ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രൻ സബ്കളക്ടർ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം.എം മണി രംഗത്ത്. ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും, മൂന്നാർ വിഷയത്തിന്റെ പ്രധാനകാരണം ഇതാണെന്നും മന്ത്രി മണി പറഞ്ഞു.

സംഭവത്തെ തുടർന്ന് എം.എൽ.എക്കെതിരെ സി.പി.ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എം.എൽ.എ എസ് രജേന്ദ്രനെ നിയന്ത്രിക്കാൻ സി.പി.എം തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ആവശ്യപ്പെട്ടിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേവികുളം എം.എൽ.എ എസ്.രജേന്ദ്രൻ കൂട്ടുനിൽക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എം.എൽ.എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ എസ് രാജേന്ദ്രനിൽ നിന്നും വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു. തെറ്റായ പരാമർശം പാർട്ടി അംഗീകരിക്കില്ലെന്നും എം.എൽ.എ മോശമായാണോ പെരുമാറിയതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സംഭവത്തിലാണ് സ്ബ് കളക്ടറെ അധിക്ഷേപിച്ച് എസ്.രാജേന്ദ്രൻ എം.എൽ.എ രംഗത്തെത്തിയത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ എം.എൽ.എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എം.എൽ.എ എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.