-rajendran-mla

ഇടുക്കി: സബ്കളക്ടർ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എയെ തള്ളി സി.പി.എം. സംഭവത്തിൽ വിശദീകരണം തേടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ അറിയിച്ചു. തെറ്റായ പരാമർശം പാർട്ടി അംഗീകരിക്കില്ലെന്നും എം.എൽ.എയോട് മോശമായാണോ പെരുമാറിയതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം എം.എൽ.എയെ തള്ളി സി.പി.ഐയും രംഗത്തെത്തിയിരുന്നു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എം.എൽ.എ എസ് രജേന്ദ്രനെ നിയന്ത്രിക്കാൻ സി.പി.എം തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ആവശ്യപ്പെട്ടിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേവികുളം എം.എൽ.എ എസ്.രജേന്ദ്രൻ കൂട്ടുനിൽക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എം.എൽ.എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ വ്യക്തമാക്കിയിരുന്നു.

പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എം.എൽ.എ അപമാനിച്ചത്. പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻ.ഒ.സി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.കെ.ഡി.എച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കിൽ പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. തുടർന്ന് എൻ.ഒ.സി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്രോപ് മെമോ നൽകുകയായിരുന്നു.