crime

തിരുവനന്തപുരം : വിവാഹത്തിന് ക്ഷണിക്കാനെന്ന പേരിൽ വീട്ടിലെത്തി യുവാക്കൾ വീട്ടമ്മയുടെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു. നെടുമങ്ങാട് കരുപ്പൂര് അരുവിക്കുഴി സ്വദേശിനിയായ സീതാലക്ഷ്മിയുടെ വീട്ടിലാണ് തട്ടിപ്പ് സംഘം വിവാഹം ക്ഷണിയ്ക്കാനെന്ന പേരിലെത്തിയത്. ഈ സമയം സീതാലക്ഷ്മി ഒറ്റയ്‌ക്കേ വീട്ടിലുണ്ടായിരുന്നുള്ളൂ. യുവാക്കളെ സ്വീകരിച്ച് ഇരുത്തിയപ്പോൾ കുടിയ്ക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു.

ഇവർക്ക് വെള്ളം നൽകി ഗ്ലാസ് വാങ്ങി തിരിഞ്ഞതും തലയ്ക്ക് പിന്നിൽ ശക്തിയായി അടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്താൽ അബോധാവസ്തയിലായ വീട്ടമ്മയുടെ താലിമാലയും,കമ്മലും മൂക്കുത്തിയും യുവാക്കൾ കവർന്നെടുക്കുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നു. തറയിൽ വീണ് കിടക്കുന്ന നിലയിൽ സീതാലക്ഷ്മിയെ അയൽവാസി കണ്ടതോടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കാനായത്.

വിവാഹത്തിന് ക്ഷണിക്കാനെത്തുന്നവരെ പരിചയമില്ലെങ്കിലും വീടിനുള്ളിൽ കയറ്റി ഇരുത്തുന്ന ശീലമാണ് തട്ടിപ്പ്കാർ മുതലെടുക്കുന്നത്. സ്ത്രീകൾ മാത്രമുള്ളവീടുകൾ നോക്കി മനസിലാക്കിയ ശേഷമാണ് കവർച്ച ലക്ഷ്യമിട്ട് തട്ടിപ്പ് സംഘമെത്തുന്നത്.