കോട്ടയം: 'ഇത്രയും കാലമായി ഞാൻ അഭിനയിക്കമാത്രമെ ചെയ്‌തിട്ടുള്ളൂ. നടനം എന്ന കലയെ മാത്രമെ ഉപാസിച്ചിട്ടുള്ളു'- ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പരാർശം കാതോർത്തിരുന്ന കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും അഭിനയം മാത്രമാണ് തന്റെ ജോലിയെന്ന് ലാൽ ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു മോഹൻലാലിന്റെ പ്രസംഗം.
'പതിനേഴാമത്തെ വയസിൽ ഒരു സിനിമാ നടനായി വന്ന ആളാണ് ഞാൻ. ഒരു നടനാകണമെന്ന് മോഹിച്ച് ഈ രംഗത്തെത്തിയതല്ല. സന്ദർഭവശാൽ അങ്ങനെ സംഭവിച്ചു. 40 വർഷങ്ങൾ കഴിഞ്ഞു, ഇത്രയും കാലമായി ഞാൻ അഭിനയിക്കമാത്രമെ ചെയ്‌തിട്ടുള്ളൂ. നടനം എന്ന കലയെ മാത്രമെ ഉപാസിച്ചിട്ടുള്ളു. ഇന്നും ഓരോ ദിവസവും ഷൂട്ടിംഗിനു മുമ്പ് മേയ്‌ക്കപ്പിടാൻ ഇരിക്കുമ്പോൾ നിശബ്‌ദം ഞാൻ പ്രാർത്ഥിക്കാറുണ്ട് എല്ലാം ശരിയായി വരണമേയെന്ന്'.
കുട്ടികൾക്കായി ടെൻസിംഗ് നോർഗെയുടെ പ്രചോദാത്മകമായ പരിശ്രമത്തിന്റെ കഥയും ലാൽ പറഞ്ഞു. തന്റെ ഏഴാമത്തെ ശ്രമത്തിലാണ് ടെൻസിംഗ് എവറസ്‌റ്റ് കീഴടക്കിയതെന്നും, അദ്ദേഹത്തിന്റെ കഠിനമായ പരിശ്രമമാണ് വിജയത്തിന് കാരണമായി തീർന്നതെന്നും ലാൽ പറഞ്ഞു. ഒരുനാൾ താൻ അവിടെ എത്തുമെന്ന് ടെൻസിംഗിന് അറിയാമായിരുന്നു. വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെ കഥകൾ കൂടി ചെവിയോർക്കണം, അപ്പോൾ മാത്രമെ വിജയം എത്ര കഠിനമാണെന്ന് തിരിച്ചറിയാൻ കഴിയൂവെന്നും ലാൽ കുട്ടികളെ ഉപദേശിച്ചു.