കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയിയെ പൊലീസ് പ്രതിചേർത്തു. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുകുൾ റോയിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം. സംഭവത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാർത്തിക്ക് മോണ്ടൽ, സുജിത്ത് മോണ്ടൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുകുൾ റോയിയെ പൊലീസ് പ്രതിചേർത്തത്.
ശനിയാഴ്ച വൈകുന്നേരം സരസ്വതി പൂജയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് എം.എൽ.എ സത്യജിത്ത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. പരിപാടി കാണുവാനായി സ്റ്റേജിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ അടുക്കൽ എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിജെപി നേതാവ് മുകൾ റോയിയാണ് കൊലപാതകത്തിന് പിന്നിലെന്ന് നാദിയ ജില്ലാ തൃണമൂൽ പ്രസിഡന്റ് ഗൗരിശങ്കർ ദത്ത് ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയെപ്പോലെ രക്തദാഹിയായ ഒരു പാർട്ടിക്ക് മാത്രമേ ഇത് ചെയ്യാനാകൂ എന്നാണ് പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയുടെ പ്രതികരണം.
നിലവിൽ ബി.ജെ.പി നേതാവായ മുകുൾ റോയി ഒരുവർഷം മുൻപാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളെ ബി.ജെ.പിയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് മുകുൾ റോയ്. ശാരദ ചിട്ടിഫണ്ട് അഴിമതിയിലും മുകുൾ റോയ് ആരോപണ വിധേയനാണ്.