ചെന്നൈ: 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ശക്തമായ പ്രചാരണ പരിപാടികളിലേക്കാണ് രാഷ്ട്രീയ പാർട്ടികൾ കാലെടുത്തുവയ്ക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പി പദ്ധതിയിടുമ്പോൾ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാനാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. വിവിധ എക്സിറ്റ് പോളുകളും ബി.ജെ.പിക്കെതിരായ ഫലം പ്രഖ്യാപിക്കുമ്പോഴും ബി.ജെ.പി ക്യാമ്പിൽ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ഉന്നത നേതാക്കളെയും കളത്തിലറക്കി പ്രചാരണം ശക്തിപ്പെടുത്തി വിജയം കൊയ്യാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
ദക്ഷിണേന്ത്യയിൽ കാര്യമായ വേരോട്ടമില്ലാത്ത ബി.ജെ.പിക്ക് തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ സീറ്റുറപ്പിക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനായി ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി ഇന്നെത്തും. തമിഴ്നാട്ടിലെ തിരുപ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കുക. ഫെബ്രുവരി 19ന് മോദി കന്യാകുമാരിയിലും എത്തും. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരി ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുളള സീറ്റാണ്.
മോദിയുടെ വരവിൽ ഉന്നമിടുന്ന് സംസ്ഥാനത്തെ കർഷകരേയും യുവാക്കളേയുമാണ്. ഇതിനെ തുടർന്ന് കർഷകരെയും യുവാക്കളെയും ലക്ഷ്യമിട്ട് മോദി വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും സൂചനയുണ്ട്. ഇതിനായി റാലിയിലേക്ക് കർഷകരെ എത്തിക്കാനുളള പണികൾ പാർട്ടിയുടെ ഐ.ടി വിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കർഷകർക്ക് മുൻ നിരയിൽ സീറ്റ് നൽകും എന്ന ഉറപ്പുമായി റാലിയിലേക്ക് കർഷകരെ ക്ഷണിക്കുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഒപ്പം കേന്ദ്ര പദ്ധതികളെ ഉയർത്തിക്കാണിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നു. രണ്ടായിരത്തോളം കർഷകരെങ്കിലും റാലിക്ക് എത്തും എന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. സദസ്സിലെ ആദ്യത്തെ നിര വി.ഐ.പികൾക്കും രണ്ടാമത്തെ നിര കർഷകർക്കും വനിതാ നേതാക്കൾക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല യുവാക്കളുടെ വലിയ പ്രാതിനിധ്യവും റാലിയിൽ ഉണ്ടാകും എന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു.
മോദിയുടെ റാലിയിൽ അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നിരവധി സർക്കാർ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. മോദിയുടെ വരവിൽ സഖ്യസാധ്യതകളെ കുറിച്ചുളള തീരുമാനവും ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിച്ച് മത്സരിച്ചാൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് സാധ്യതകളൊന്നുമില്ല. എന്നാൽ അണ്ണാ ഡി.എം.കെയോട് സഹകരിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു. 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുളളത്.