വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് ലെന. മകളായും, അനിയത്തിയായും, നായികയായും എന്തിനേറെ യുവസൂപ്പർ താരങ്ങളുടെ അമ്മ വേഷങ്ങളിൽ വരെ മികവു പുലർത്താൻ ലെന എന്ന അഭിനേത്രിക്കു കഴിഞ്ഞു. താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് പറയുകയാണ് ലെന. കൗമുദി ടിവിയിലെ അഭിമുഖ പരിപാടിയായ താരപ്പകിട്ടിലാണ് ലെന ഇക്കാര്യം വ്യക്തമക്കിയത്.
'എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ ഡയറക്ടർ വിമൽ എന്റടുത്ത് വന്നിട്ട് ഇന്ന ക്യാരക്ടറാണ്. പാത്തുമ്മ എന്നാണ് ക്യാരക്ടറിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാൻ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു. അല്ല ഇത് നിങ്ങള് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മൾ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടർ വിമലാണെങ്കിൽ വാശി പിടിച്ചിരിക്കയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടർ നിങ്ങളാണ് ചെയ്യേണ്ടത്'.പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടർ ചെയ്ത് അത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റണ്ടേ? അത് ആദ്യം എനിക്കുൾക്കൊള്ളാൻ പറ്റണോല്ലോ?' - ലെന പറഞ്ഞു.
മൊയ്തീൻ- കാഞ്ചനമാല അനശ്വരപ്രണയം ഇതിവൃത്തമാക്കി 2015ലാണ് ആർ.എസ്. വിമൽ 'എന്ന് നിന്റെ മൊയ്തീൻ' സംവിധാനം ചെയ്തത്. മൊയ്തീനായി പൃഥ്വിരാജ് അഭിനയിച്ചപ്പോൾ പാർവതിയാണ് കാഞ്ചനമാലയായി എത്തിയത്. ആ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി ഏറെ പുരസ്കാരങ്ങൾക്ക് അർഹമായ സിനിമയായിരുന്നു മൊയ്തീൻ.