മൂന്നാർ: പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേർന്ന സ്ഥലത്ത് അനധികൃതമായി വനിതാ വ്യാവസായ കേന്ദ്രം നിർമ്മിക്കുന്ന സംഭവം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവികുളം സബ്കളക്ടർ രേണു രാജ് അറിയിച്ചു. കോടതി ഉത്തരവ് ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് സബ്കളക്ടർ പറഞ്ഞു. റവന്യൂവകുപ്പിന്റെ നടപടിയെ എം.എൽ.എ തടയാൻ ശ്രമിച്ച സംഭവവും ഹൈക്കോടതിയെ അറിയിക്കുമെന്നും സബ്കളക്ടർ വ്യക്തമാക്കി.
അതേസമയം, ദേവികുളം സബ്കളക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തി. സബ്കളക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് മന്ത്രി പറഞ്ഞു. സബ്കളക്ടർ നടപ്പാക്കാൻ നോക്കിയത് കോടതി വിധിയാണ്. റവന്യൂ വകുപ്പിന്റെ എല്ലാ പിന്തുണയും സബ്കളക്ടർക്കുണ്ട്. എം.എൽ.എയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ പറ്റി ഇപ്പോൾ പറയുന്നില്ല. അത് അവർ പരിശോധിക്കട്ടെയന്നും മന്ത്രി വ്യക്തമാക്കി.
മുതിരപ്പുഴയാർ കൈയേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമ്മിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ്കളക്ടർ തീരുമാനിച്ചത്.