ഗുണ്ടൂർ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ടി.ഡി.പിയെയും ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ടി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ആന്ധ്രാ സന്ദർശനമാണിത്.
ചന്ദ്രബാബു നായിഡു ചതിയനാണെന്നും അദ്ദേഹവും തെലുങ്കുദേശം പാർട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണ്. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാർട്ടിയുടെ പ്രചരണങ്ങൾ നടത്തുന്നതെന്നും മോദി ആരോപിച്ചു. ചന്ദ്രബാബുനായിഡുവിന്റെ യാത്രകൾക്കും പരിപാടികൾക്കും പൊതുജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത്. എന്നാൽ ബി.ജെ.പി പരിപാടി നടത്തുമ്പോൾ പാർട്ടി പ്രവർത്തകരാണ് പണം ചിലവാക്കാറുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു.
ജനങ്ങൾ മുഖ്യമന്ത്രിയുടെ കൊള്ളയടി പരിശോധിക്കണമെന്നും അദ്ദേഹത്തിന് സ്വന്തം സ്ഥലത്ത് പോലും പ്രശസ്തി നഷ്ടമാകുകയാണെന്നും മോദി കൂട്ടിചേർത്തു. ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ഡൽഹിയിൽ വരുന്നുണ്ടെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു തന്നേക്കാൾ മുതിർന്ന നേതാവാണെന്ന് പറയുന്നത്. അതെ, അദ്ദേഹം എന്നെക്കാൾ മുതിർന്ന നേതാവാണ് പുതിയ മുന്നണികൾ രൂപീകരിക്കുന്നതിലും പിന്നിൽ നിന്ന് കുത്തുന്ന കാര്യത്തിലുമാണന്ന് മാത്രം. ഭാര്യയുടെ പിതാവായ എൻ.ടി.ആറിനെപോലും പിന്നിൽ നിന്ന് കുത്തിയത് അതിന് തെളിവാണെന്നും. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എൻ.ടി.ആർ സ്വന്തം പാർട്ടിയുടെ നിലപാടിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു.
മറ്റൊരാളുടെ വാട്സാപ്പ് സ്റ്റാറ്റസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം! അറിയാം ചില കുറുക്ക് വഴികൾ ...
ഞാറാഴ്ച രാവിലെ വിജയവാഡ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. തുടർന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയും ഗവർണറും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
മോദിക്ക് പ്രവേശനമില്ലെന്നും മോദിയെ ഇനി തിരഞ്ഞെടുക്കില്ലെന്നും എഴുതിയിരുന്ന വലിയ ബോർഡുകളാണ് തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം 'മോദി ഗോബാക്' എന്ന മുദ്രാവാക്യവുമായി കറുത്ത കൊടികളുയർത്തി ആന്ധ്രയിൽ പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.