ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. ഇരുടീമുകളും തകർപ്പൻ മത്സരം കാഴ്ചവച്ചപ്പോൾ നാല് റൺസിന് ഇന്ത്യ അടിയറവ് പറയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിപ്പിച്ചതോടെ വിജയം ഇന്ത്യയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.
ഇന്ത്യയുടെ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ടിം സൗത്തിയാണ് പന്തെറിയാൻ എത്തിയത്. എന്നാൽ ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക് -ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ, ഏകദിന പരമ്പര നേടിയ ഇന്ത്യയോട് മധുരപ്രതികാരം ചെയ്ത് കിവീസിന് പരമ്പരയും സ്വന്തമായി.
ആദ്യ മത്സരത്തിൽ ജയിച്ച് മുൻതൂക്കം നേടിയ കിവികളെ ഓക്‌ലൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിന് കീഴടക്കി പരമ്പര സമനിലയിൽ ആക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്നിറങ്ങിയത്.
ഇന്ത്യക്കായി ശിഖർ ധവാൻ (നാലു പന്തിൽ അഞ്ച്), വിജയ് ശങ്കർ 43 (28), ഋഷഭ് പന്ത്28 (12 ), ക്യാപ്ടൻ രോഹിത് ശർമ38 (32), ഹാർദിക് പാണ്ഡ്യ 21 (11), എം.എസ്. ധോണി രണ്ട് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ന്യൂസീലൻഡിനായി മിച്ചൽ സാന്റ്നർ, ഡാരിൽ മിച്ചൽ എന്നിവർ രണ്ടും സ്‌കോട്ട് കുഗ്ഗെലെയ്ൻ, ബ്ലെയർ ടിക്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.