മലപ്പുറം: അക്രമം അവസാനിച്ച് ആയുധം താഴെ വയ്ക്കാൻ തയ്യാറായാൽ സി.പി.എമ്മുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിക്കെതിരെ സി.പി.എമ്മുമായി കേരളത്തിലും ധാരണയക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനമഹായാത്രക്ക് ശേഷം മഞ്ചേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം അക്രമം അവസാനിപ്പിച്ചാൽ ആ നിമിഷം അവരുമായി ചർച്ചയ്ക്ക് തയ്യാറാണ്. ദേശീയ തലത്തിൽ ബി.ജെ.പി, ആർ.എസ്,എസ് ശക്തികൾക്കെതിരെ ഏതു ജനാധിപത്യ മതനിരപേക്ഷ കക്ഷിയുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. കേരളത്തിൽ സി.പി.എമ്മുമായും സഹകരിക്കാം. ദേശീയ തലത്തിൽ സി.പി.എമ്മിന് ബി.ജെ.പിയെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
റാഫേൽ അഴിമതിയിൽ പിണറായി വിജയൻ ബി.ജെ.പിയുടെ പേരുപോലും പറയാൻ തയ്യാറാകുന്നില്ല. ലാവ്‌ലിൻ കേസിന്റെ ചുരുളഴിയുമോ എന്ന ഭയമാണോ പിണറായിക്കെന്നും. മുഖ്യമന്ത്രിയും കോടിയേരിയും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ബി.ജെ.പി, ആർ.എസ്,എസ് - സി.പി.എം ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.