kanakadurga

കോഴിക്കോട്: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും മാദ്ധ്യമങ്ങളെ കണ്ടു. ശബരിമല ദർശനം നടത്തിയത് ആരോടുമുള്ള വാശിതീർക്കാനല്ലെന്ന് കനക ദുർഗ പറഞ്ഞു. തോന്നിയാൽ ശബരിമലയിൽ ഇനിയും പോകും. ദർശനം നടത്തിയതിന് ശേഷം തങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നത്. കുട്ടികളെ കാണാൻ ഇനിയും അനുവദിച്ചില്ലെങ്കിൽ ശക്തമായ നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്നും കനക ദുർഗ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭർതൃവീട്ടിൽ കയറാനായെങ്കിലും മക്കളില്ലാത്തതിന്റെ വിഷമത്തിലൂടെയാണ് ഓരോ നിമിഷവും ഇവിടെ കഴിച്ചു കൂട്ടുന്നതെന്ന് കനകദുർഗ പറഞ്ഞിരുന്നു. വീട്ടിൽ കയറാനും കുട്ടികൾക്കൊപ്പം കഴിയാനും സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയിൽ പുലാമന്തോൾ ഗ്രാമ ന്യായാലയമാണ് വിധി പ്രസ്താവിച്ചത്. ഇതേതുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് കനകദുർഗ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടിലെത്തിയത്. എന്നാൽ കനകദുർഗയ്‌ക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് കൃഷ്ണനുണ്ണിയും മാതാവ് സുമതിഅമ്മയും വാടകയ്ക്ക് വീടെടുത്ത് താമസം മാറുകയായിരുന്നു.