bike

ഇറ്റാലിയൻ സ്‌പോർട്‌സ് ബൈക്കുകളെ എന്നും നെഞ്ചോട് ചേർത്തിട്ടുള്ള ഇന്ത്യക്കാരെ ഇനിയും 'വെയിറ്ര്" ചെയ്യിപ്പിച്ച് ബോറടിപ്പിക്കാൻ ഏപ്രിലിയ ഉദ്ദേശിക്കുന്നില്ലെന്ന് തോന്നുന്നു! അതെ,​ ആരാധകർ ഏറെക്കാലമായി കണ്ണുനട്ടിരിക്കുന്ന ഏപ്രിലിയയുടെ പുത്തൻ സ്‌പോർട്‌സ് ബൈക്ക് ഏപ്രിലിയ ജി.പി.ആർ 150 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. വിപണി പ്രവേശനതീയതി കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ,​ ഇന്ത്യയിലെ നിരത്തുകളിൽ ജി.പി.ആർ 150 അടുത്തിടെ നടത്തിയ പരീക്ഷണ റൈഡുകൾ വണ്ടി ഉടൻ വില്‌പനയ്‌ക്കെത്തുമെന്ന സൂചന നൽകുന്നു.

ഏത് ഹൃദയവും കീഴടക്കുന്ന മനോഹരമായ ലുക്കാണ് ജി.പി.ആർ 150യുടെ പ്രധാന സവിശേഷത. നിലവിൽ ഇറ്രാലിയൻ നിരത്തുകളിൽ ഏപ്രിലിയ ജി.പി.ആർ 150 ഓടുന്നുണ്ട്. ഇന്ത്യൻ മോഡലിലേക്ക് എത്തുമ്പോൾ യൂറോപ്പ്യൻ മോഡലിൽ നിന്ന് ഹെഡ്‌ലൈറ്ര്,​ ഫെയറിംഗ്,​ സീറ്ര് സജ്ജീകരണം എന്നിവയിൽ കാതലായ മാറ്രം കാണാം. തീർത്തും വന്യമായ ഭാവമുള്ള,​ ഏറ്റവും പുതിയ ഡ്യുവൽ എൽ.ഇ.ഡി ഹെഡ്‌ലൈറ്രാണ് ബൈക്കിനുള്ളത്. അതിനോട് ചേർന്ന് മുകളിലായി റിയർവ്യൂ മിററുകൾ ഇടംപിടിച്ചിരിക്കുന്നു. ഏപ്രിലിയയുടെ മറ്റൊരു മോഡലായ എസ്.ആർ. 150യിലേതിനേക്കാൾ അല്‌പം വലിയ ഫെയറിംഗും നൽകിയിട്ടുണ്ട്. യൂറോപ്പ്യൻ മോഡലിൽ നിന്ന് പിലിയൺ സീറ്രിന് നീളവും വീതിയും കൂടുതലാണ്. പിൻ സീറ്രിന് ചുവപ്പ് പൂശിയിട്ടുണ്ട്. ടെയ്‌ൽലൈറ്റും എൽ.ഇ.ഡികൊണ്ട് സജ്ജമാണ്.

1345 എം.എം ആണ് ബൈക്കിന്റെ വീൽബെയ്‌സ്. ബൈക്കിന്റെ ഭീമകായ രൂപത്തെ കൂസാതെ,​ സിറ്രി നിരത്തുകളിലും വളവുകളിലും സുഗമമായ റൈഡിംഗിന് ഈ വീൽബെയ്‌സ് സഹായകമാണ്. 18 എച്ച്.പി കരുത്തും 14 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 149.2 സി.സി.,​ 4-സ്‌ട്രോക്ക്,​ ലിക്വിഡ് കൂൾഡ്,​ ഒരു സിലിണ്ടർ എൻജിനാണ് ഉണ്ടാവുക. ഗിയറുകൾ ആറ്. 140 കിലോഗ്രാമാണ് വണ്ടിയുടെ ഭാരം. പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ. ഇന്ധനടാങ്കിൽ 15.4 ലിറ്റർ പെട്രോൾ നിറയും. ലിറ്ററിന് 40-45 കിലോമീറ്റർ മൈലേജും പ്രതീക്ഷിക്കാം.

17 ഇഞ്ചിന്റെ ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുണ്ട്. 2-ചാനൽ എ.ബി.എസിന്റെ സുരക്ഷയുണ്ടെന്നതും മികവാണ്. ട്യൂബ്‌ലെസ് ടയറുകളാണിത്. അലോയ് വീലുകളും ആകർഷണമാണ്. മുന്നിലെ 40 എം.എം യു.എസ്.ഡി ഫോർക്ക്,​ പിന്നിലെ മോണോകോക്ക് സസ്‌പെൻഷൻ എന്നിവ മികച്ച റൈഡിംഗ് സുഖം നൽകും. ഇൻസ്‌ട്രുമെന്റ് കൺസോൾ പൂർണമായും ഡിജിറ്റലാണ്. കറുപ്പ്,​ വെള്ള,​ ചുവപ്പ് നിറഭേദങ്ങളുള്ള ഏപ്രിലിയ ജി.പി.ആർ 150ന് പ്രതീക്ഷിക്കുന്ന വില 1.50 ലക്ഷം രൂപ.