ആലപ്പുഴ: കേരളത്തിൽ സി.പി.എമ്മുമായി തിരഞ്ഞെടുപ്പു ബന്ധം ഉണ്ടാക്കുന്നതിനെപ്പറ്റി കെ.പി.സി.സിക്ക് തീരുമാനിക്കാമെന്ന് സംഘടനാ ചുമതലയുള്ള എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മോദിയെ താഴെയിറക്കാനും ബി.ജെ.പിയെ ഒറ്റപ്പെടുത്താനും ജനാധിപത്യകൂട്ടായ്മ ആഗ്രഹിക്കുന്ന ആരുമാരും സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന കോൺഗ്രസ് ഘടകങ്ങൾക്ക് ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ടെന്നും, ഇതിൽ ഹൈക്കമാൻഡ് ഇടപെടില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
പൊതുവേദികളിൽപ്പോയി സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ച നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. എ.കെ.ആന്റണി അറിയാതെയാണ് അദ്ദേഹത്തിന്റെ മകനെ മീഡിയാ ചുമതല ഏൽപിച്ചത്. . സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തനം ഉൗർജിതമാക്കാനുള്ള താത്കാലിക നിമയനമാണ് അത്. ഇത്തവണ താൻ മത്സരിക്കണോ എന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും ഇപ്പോൾ ഉത്തരവാദിത്വം കൂടുതലാണെന്നും വേണുഗോപാൽ പറഞ്ഞു.
ഏതൊക്കെ രീതിയിലാണ് രാഹുൽഗാന്ധി തന്നെ ഉപയോഗിക്കുന്നതെന്ന് അറിയില്ല. ആലപ്പുഴയിൽ മത്സരിക്കാതിരിക്കുന്നതിനെപ്പറ്റി ആലോചിക്കാനാവില്ല. കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് ബി.ജെ.പിക്കെതിരെയുള്ള യുദ്ധമാണെന്നും കർണാടകയിൽ നിന്നുള്ള വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം തുടർന്നു.