മൂന്നാർ : ദേവികുളം സബ് കളക്ടർ രേണു രാജിനെതിരായി നടത്തിയ പരാമർശങ്ങളിൽ എസ്. രാജേന്ദ്രൻ എം.എൽ.എ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശങ്ങൾ സബ്കളക്ടറെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി എം.എൽ.എ പറഞ്ഞു. സബ് കളക്ടർക്കെതിരായ പരാമർശത്തിൽ രാജേന്ദ്രനോട് സി.പി.എം നേരത്തെ വിശദീകരണം ചോദിച്ചിരുന്നു.
അതേസമയം മൂന്നാറിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും നിർമ്മാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ എതിർക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസപ്പെടുത്തിയ എം.എൽ.എയുടെ നടപടി ചൂണ്ടിക്കാട്ടി നാളെ സബ്കളക്ടർ കോടതിയിൽ സത്യവാങ്മൂലം നൽകാനിരിക്കെയാണ് എം.എൽ.എയുടെ ഖേദപ്രകടനം.
എം.എൽ.എയെ തള്ളി സി.പി.ഐയും രംഗത്തെത്തിയിരുന്നു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എം.എൽ.എ എസ് രജേന്ദ്രനെ നിയന്ത്രിക്കാൻ സി.പി.എം തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്തിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എം.എൽ.എ അപമാനിച്ചത്. പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻ.ഒ.സി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.കെ.ഡി.എച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കിൽ പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. തുടർന്ന് എൻ.ഒ.സി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്രോപ് മെമോ നൽകുകയായിരുന്നു.