yedyurappa

ബംഗളൂരു: ജെ.ഡി.എസ് എം.എൽ.എ നാഗനഗൗഡ കണ്ഡ്കൂറിന്റെ മകനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ സമ്മതിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിയമസഭയിൽ പുറത്തുവിട്ട ശബ്ദരേഖയെ പരിഹസിച്ച യെദിയൂരപ്പ ഒടുവിൽ ആരോപണങ്ങൾ സമ്മതിക്കുകയായിരുന്നു.

ദേവ്ദുർഗിലെ ഗസ്റ്റ്ഹൗസിലാണ് നാഗനഗൗഡയുടെ മകൻ ശങ്കർഗൗഡയെ കണ്ടതെന്നും എന്നാൽ കുമാരസ്വാമിയുടെ നിർദ്ദേശപ്രകാരമാണ് ശങ്കർഗൗഡ തന്നെ കാണാനെത്തിയതെന്നും യെദിയൂരപ്പ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുമാരസ്വാമി മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്. ശങ്കർഗൗഡയെ കണ്ടു എന്നുള്ളത് സത്യമാണ്. എന്നാൽ കുമാരസ്വാമിയുടെ നിർദ്ദേശപ്രകാരം തനിക്ക് ആവശ്യമുള്ള കാര്യങ്ങളാണ് എന്നോട് സംസാരിച്ചത്. ആ സംഭാഷണങ്ങൾ റെക്കാഡ് ചെയ്യുകയായിരുന്നു. എന്നാൽ സംഭാഷണത്തിലെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇത് ഗൂഢാലോചനയാണെന്നും യെദിയൂരപ്പ പറഞ്ഞു.

സ്പീക്കറെ വിലയ്ക്കെടുക്കുമെന്ന് താൻ പറഞ്ഞതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കർ സത്യസന്ധനായ വ്യക്തിയാണെന്നും യെദിയൂരപ്പ വിശദീകരിച്ചു.

ജനതാദൾ എം.എൽ.എ നാഗനഗൗഡയെ ബി.ജെ.പിയിലേക്ക് കൂറുമാറ്റാൻ യെദിയൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും ആരോപണം. ഇതിനുള്ള തെളിവായാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ആരോപണങ്ങൾ സത്യമാണെന്ന് തെളിയിച്ചാൽ രാഷ്ട്രീയം വിടാൻ തയ്യാറാണെന്നും യെദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.