1

ശ്രീനഗർ: തെക്കൻ കാശ്മീരിലെ കുൽഗാമിൽ ഇന്ത്യൻ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്രുമുട്ടലിനൊടുവിൽ ഭീകരരുടെ ആയുധ ശേഖരം സെെന്യം പിടിച്ചെടുത്തു. വൻ ആയുധങ്ങളുമായി ഭീകരർ കുൽഗാമിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഭീകരരുടെ കേന്ദ്രത്തെ വളഞ്ഞത്.

അതേ സമയം അവിടെ നിന്നും രക്ഷപ്പെട്ട ഭീകരർക്കായി സെെന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയുടെ പ്രവർത്തകരാണെന്നുള്ള വിവരം സെെന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏറ്റുമുട്ടൽ സ്ഥലത്ത് സെെന്യവും നാട്ടുകാരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരുടെ കല്ലേറിൽ നാല് സി.ആർ.പി.എഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ എട്ട് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഉച്ചയോടെയാണ് അവസാനിച്ചത്.

കാശ്മീരിൽ ഭീകരരുടെ പ്രവർത്തനം വർദ്ധിച്ചുവരികയാണെന്നാണ് വിവരം. ഇതിനെതിരെ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് സെെന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിൽ 6ന് പുൽവാമ ജില്ലയിൽ ലഷ്‌കർ ഇ തൊയ്ബ ഭീകരരെ ഇന്ത്യൻ സെെന്യം വധിച്ചിരുന്നു.