narendra-modi-at-andhra-

ഗുണ്ടൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രപ്രദേശ് സന്ദർശനത്തിനിടെ തെലുങ്കുദേശം,​ കോൺഗ്രസ്,​ ഇടതുപാർട്ടികൾ ഉയർത്തിയ പ്രതിഷേധത്തെ പരിഹസിച്ച് മോദി. പ്രതിപക്ഷപാർട്ടികൾ സംസ്ഥാന വ്യാപകമായി മോദിക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് രംഗത്തെത്തിയത്. എന്നാൽ 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ഡൽഹിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് നരേന്ദ്രമോദി തിരിച്ചടിച്ചു. ഗുണ്ടൂരിൽ നടന്ന റാലിക്കിടെയാണ് മോദിയുടെ പരിഹാസം.

മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്തിരുന്നു. മോദി ചെന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളം മുതൽ റാലി നടന്ന ഗുണ്ടൂർ വരെ 'ഗോ ബാക്ക് ' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.

'നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടി.ഡി.പി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ഡൽഹിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ ടി.ഡി.പിയുടെ ആഗ്രഹം സാദ്ധ്യമാക്കുമെന്നും മോദി പറഞ്ഞു.