കൊൽക്കത്ത: ബംഗാളിൽ സരസ്വതീ പൂജയ്‌ക്കിടെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത് ബിശ്വാസ് വെടിയേറ്റുകൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി നേതാവ് മുകുൾ റോയ് ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുകുൾ റോയ്‌ക്ക് പങ്കുണ്ടെന്നാണ് തൃണമൂൽ ആരോപണം.
കാർത്തിക് മണ്ഡൽ, സുജിത് മണ്ഡൽ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മൂന്നു പേരെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് പാർട്ടി വിട്ടിരുന്നു. ശനിയാഴ്ച രാത്രി നാദിയ ജില്ലയിലെ മജ്ധിയയിൽ സരസ്വതീപൂജാ ചടങ്ങുകൾ ഉദ്ഘാടനം ചെയ്‌ത ശേഷം വേദിയിലേക്കു മടങ്ങവേ സത്യജിത് ബിശ്വാസിനു നേരെ അക്രമികൾ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
മന്ത്രി രത്നഘോഷ്, തൃണമൂൽ ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ ദത്ത എന്നിവരും സത്യജിത്തിന് ഒപ്പമുണ്ടായിരുന്നു. കൊലയ്‌ക്കു പിന്നിൽ മുകുൾ റോയി ആണെന്ന് ഗൗരിശങ്കർ ദത്ത ആരോപിച്ചു. എന്നാൽ ഇതിനു പിന്നിൽ തൃണമൂൽ തന്നെയാണെന്നു ബി.ജെ.പിയും ആരോപിച്ചു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.