karnataka-bjp-

കോലാർ : ജെ.ഡി.എസിൽ നിന്ന് രാജിവയ്ക്കാൻ ബി.ജെ.പി 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്ന് കർണാടകയിലെ ഭരണപക്ഷ എം.എൽ.എയുടെ ആരോപണം. ജനതാദളിന്റെ (എസ്) എം.എൽ.എ കെ ശ്രീനിവാസ ഗൗഡയാണ് ബി.ജെ.പി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. അഡ്വാൻസ് എന്ന നിലയിൽ തനിക്ക് അഞ്ച് കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളായ സി.എൻ. അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, സി.പി. യോഗേശ്വര എന്നിവർ തന്റെ വീട്ടിൽ വന്നാണ് ഇക്കാര്യം സംസാരിച്ചതെന്നും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി. അവിടെവെച്ച് അഞ്ചു കോടി രൂപ തന്നെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

ജെ.ഡി.എസിൽ നിന്ന് രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൻ തന്റെ പാർട്ടിയോട് വിശ്വസ്തനാണെന്നും ഒരിക്കലും രാജിവയ്ക്കില്ലെന്നും പറഞ്ഞു. തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാനും അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം എച്ച്.ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തു - ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

കർണാടകത്തിലെ ജെ.ഡി.എസ് - കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യദിയൂരപ്പ കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നതായി കോൺഗ്രസും ഇന്നലെ ആരോപിച്ചിരുന്നു.