ന്യൂഡൽഹി: റാഫേൽ കരാർ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്ന് സൂചന. വ്യോമസേനയുടെ ആയുധ ഇടപാടുകൾ മുഴുവൻ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് പൂർത്തിയായതായാണ് വിവരം. റിപ്പോർട്ട് ബുധനാഴ്ച പാർലമെന്റിൽ വയ്ക്കും.
റിപ്പോർട്ടിന്റെ തിങ്കളാഴ്ച കേന്ദ്ര സർക്കാരിന് കൈമാറിയതിന് ശേഷമായിരിക്കും പാർലമെന്റിന്റെ ഇരുസഭകളിലും വയ്ക്കുക. ഇതിനായി രാഷ്ട്രപതി ഭവൻ ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അദ്ധ്യക്ഷനും റിപ്പോർട്ട് കൈമാറും.
ഇടപാടിൽ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ റിപ്പോർട്ടിന് വലിയ പ്രാധാന്യമാണുള്ളത്. റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ മറച്ചുവെച്ചു എന്ന സൂചനയും പുറത്തായി. ഫ്രഞ്ച് കമ്പനിയുമായി പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചർച്ച നടത്തിയതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റാഫാൽ പ്രക്ഷോഭം കടുപ്പിച്ച കോൺഗ്രസ്, വരും ദിവസങ്ങളിൽ ഇക്കാര്യവും പാർലമെന്റിൽ ഉന്നയിക്കും. രേഖകൾ സർക്കാർ മറച്ചുവച്ചുവെന്നും അവ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ റഫാൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.