ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരഖണ്ഡിലും ഭരണത്തിലുള്ള ബി.ജെ.പി സർക്കാരുകൾക്കതെരി ആഞ്ഞടിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വിഷമദ്യദുരന്തത്തിൽ നൂറോളം പേർ മരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ പിന്തുണയില്ലാതെ വ്യാജ മദ്യവ്യവസായം ഇത്തരത്തിൽ തഴച്ചു വളരില്ലെന്ന് അവർ ആരോപിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 97 ആയി ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രിയങ്ക രംഗത്തെത്തിയത്.
അതേസമയം സംസ്ഥാനത്ത് മുമ്പുണ്ടായ പല മദ്യദുരന്തങ്ങൾക്കും പിന്നിൽ സമാജ് വാദി പാർട്ടി നേതാക്കളും ഉണ്ടായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സംഭവത്തിൽ അട്ടിമറി സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു